മലപ്പുറം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് കൊടി ഉയരാനിരിക്കെ, അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങളാണ് മലപ്പുറത്ത് ഇപ്പോള്‍ നടക്കുന്നത്. സി.പി.എം സ്വതന്ത്ര എം.എല്‍.എ കെ ടി ജലീലും മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ചര്‍ച്ച, രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. യു.ഡി.എഫ് ശിഥിലമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇടതുപക്ഷത്ത് ഒരു ബര്‍ത്ത് ഉറപ്പിക്കാനുള്ള നീക്കമാണ് ലീഗിലെ പ്രബല വിഭാഗം നടത്തുന്നതെന്നാണ് സൂചന. ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ് മുന്നണിമാറ്റം സാധ്യമാക്കണമെന്ന അഭിപ്രായത്തിലാണ് ഈ വിഭാഗമുള്ളത്.
നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം പൊന്നാനി ലോകസഭ മണ്ഡലത്തില്‍ വെറും പതിനായിരം വോട്ടിന്റെ മുന്‍തൂക്കം മാത്രമാണ് യു.ഡി.എഫിനുള്ളത്. മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചെങ്കിലും, ഒരു ലക്ഷത്തില്‍ അധികം വോട്ടാണ് കൂടുതലായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥി നേടിയിരുന്നത്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍, മലപ്പുറം നിലനിര്‍ത്താന്‍ കഴിഞ്ഞാലും, പൊന്നാനിയുടെ കാര്യത്തില്‍ മുസ്ലീം ലീഗിന് വലിയ പ്രതീക്ഷയില്ല. കോണ്‍ഗ്രസ്സ് ദേശീയ തലത്തില്‍ തകര്‍ന്നടിയുന്ന സാഹചര്യത്തില്‍, ഇനി രാഹുല്‍ എഫക്ട് ഒന്നും സംഭവിക്കില്ലന്നാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്.
കേരളത്തില്‍ അടുത്ത തവണ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയും ലീഗിനില്ല. പത്തു വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ട സാഹചര്യം പതിനഞ്ചു വര്‍ഷമായി ദീര്‍ഘിക്കുന്ന അവസ്ഥ ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ലീഗ്. പതിനഞ്ചു വര്‍ഷം കഴിഞ്ഞാലും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണം യു.ഡി.എഫിനു കിട്ടുമെന്ന പ്രതീക്ഷയും ലീഗിലെ പ്രബല വിഭാഗത്തിനില്ല. ഇത്തരമൊരു സാഹചര്യമാണ് ഇടത്തോട്ട് ചെരിയാന്‍ ലീഗിലെ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. അതിനുള്ള സാഹചര്യം ഒരുക്കാനാണ് കെ.ടി ജലീലുമായുള്ള കൂടിക്കാഴ്ചയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
ലീഗിന്റെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നമ്പര്‍ വണ്‍ ശത്രുവായ കെ.ടി ജലീലുമായാണ് ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയിരിക്കുന്നത്. ഇത് , സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സി.പി.എം അനുമതി വാങ്ങാതെ ഇത്തരം ഒരു ചര്‍ച്ചക്ക് ജലീല്‍ ഒരിക്കലും തയ്യാറാകുകയില്ല. അതു പോലെ തന്നെ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയാതെ, കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചക്കു പോകാന്‍ സാധ്യതയില്ല. കോണ്‍ഗ്രസ്സിന്റെ ചങ്കിടിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യങ്ങളാണ്. ലീഗ് യു.ഡി.എഫ് വിട്ടാല്‍ പിന്നെ യു.ഡി.എഫ് എന്ന സംവിധാനം തന്നെ ഉണ്ടാകുകയില്ല. കോണ്‍ഗ്രസ്സും അതോടെ പിളരും.
കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗമാകട്ടെ, എങ്ങനെയെങ്കിലും ജോസ് കെ മാണിയുടെ കാലു പിടിച്ചായാലും ഇടതുപക്ഷത്ത് എത്തണമെന്ന നിലപാടിലാണ് മുന്നോട്ട് പോകുന്നത്. അതായത് യു.ഡി.എഫ് പതനം ആസന്നമായിരിക്കുന്നു എന്നു വ്യക്തം. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ ഭിന്നതരൂക്ഷമാണ്. ലോകസഭ തിരഞ്ഞെടുപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്താനാണ് ഒരു വിഭാഗം ശ്രമം നടത്തുന്നത്. ലീഗില്‍ ഒരു വിഭാഗം യു.ഡി.എഫില്‍ നില്‍ക്കാന്‍ ശ്രമിച്ചാല്‍ പോലും, അതു കൊണ്ട് മാത്രം യു.ഡി.എഫ് രക്ഷപ്പെടില്ലന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും ഇപ്പോള്‍ വിലയിരുത്തുന്നത്.
പ്രതിപക്ഷ വോട്ട് ബാങ്ക് ബി.ജെ.പി ഭിന്നിപ്പിക്കുന്നതോടെ, വീണ്ടും ഇടതുപക്ഷ തുടര്‍ ഭരണത്തിനാണ് സാധ്യതയെന്നാണ് അവരുടെ വിലയിരുത്തല്‍. അടുത്ത ലോകസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി പിടിക്കുന്ന വോട്ടുകള്‍ കോണ്‍ഗ്രസ്സിന്റെ സാധ്യതയെയാണ് ബാധിക്കുക. കഴിഞ്ഞ തവണ നേടിയ 20ല്‍ 19 എന്നത് ഇത്തവണ എത്ര എന്നു ചോദിച്ചാല്‍, മുഖം തിരിച്ചാണ് യു.ഡി.എഫ് നേതാക്കള്‍ ഒഴിഞ്ഞു മാറുന്നത്. കാര്യങ്ങളുടെ ഗൗരവം അവര്‍ക്കും ബോധ്യമായെന്നു വ്യക്തം. ഈ ഒരു ആശങ്കക്കിടെയാണ് മലപ്പുറത്തെ ഇടതുപക്ഷത്തിന്റെ പ്രധാന മുഖമായ കെ.ടി ജലീലുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ഉള്‍പ്പെടെ ഉള്ള മറ്റു സി.പി.എം നേതാക്കളുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന ലീഗ് നേതാവാണ് കുഞ്ഞാലിക്കുട്ടി. അതുകൊണ്ടു തന്നെ ലീഗ് ഇടതുപക്ഷത്തേക്ക് വരാന്‍ താല്‍പ്പര്യപ്പെട്ടാല്‍, അതിനു വലിയ തടസ്സം ഉണ്ടാകാന്‍ സാധ്യത ഇല്ലന്നാണ് ഇടതു രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശം വന്നാല്‍, സി.പി.എം കേന്ദ്ര കമ്മറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസ്സും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍, സി.പി.എം നിലപാടില്‍ എന്തെങ്കിലും മാറ്റം വരുവാനുള്ള സാധ്യതയും തളളിക്കളയാന്‍ കഴിയുന്നതല്ല.
ഇത്തവണ ഇടതുപക്ഷം മന്ത്രിസഭ ഉണ്ടാക്കിയപ്പോള്‍ ഒരു എം.എല്‍.എ ഉള്ള പാര്‍ട്ടികള്‍ക്കു പോലും മന്ത്രിസ്ഥാനം നല്‍കിയിരുന്നു. എന്തിനേറെ, ഇടതു സ്വതന്ത്രനായ വി അബ്ദുറഹിമാനെയും സി.പി.എം മന്ത്രിയാക്കുകയുണ്ടായി. മുസ്ലീം ലീഗിനെ പോലും ഞെട്ടിച്ച നീക്കമായിരുന്നു അത്. അതു കൊണ്ടു തന്നെ, ഇടതുപക്ഷത്ത് അഥവാ ലീഗ് എത്തിയാല്‍ മാന്യമായ പരിഗണനയും ഉറപ്പാണ്. കെ.ടി ജലീല്‍ കുഞ്ഞാലിക്കുട്ടി ചര്‍ച്ച സി.പി.എം, ലീഗ് നേതൃത്വങ്ങളുടെ അറിവോടെയാണെങ്കില്‍, തീര്‍ച്ചയായും വലിയ ഒരു രാഷ്ട്രീയ മാറ്റത്തിനാണ് അത് തുടക്കം കുറിക്കുക.
‘ ഭൂരിപക്ഷ വര്‍ഗീയത തിമിര്‍ത്താടുമ്പോള്‍ മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണെന്നും, ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മമെന്നുമാണ് ചര്‍ച്ചകള്‍ക്കു ശേഷം കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മര്‍ദിത ന്യൂനപക്ഷ സമുദായങ്ങളും അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാര്‍ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ടെന്നും, ഭാവിയില്‍ അത് ശക്തിപ്പെടുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്യുമെന്നുമാണ് ജലീല്‍ അവകാശപ്പെട്ടിരിക്കുന്നത്.
അന്ന് ഫാഷിസ്റ്റുകള്‍ മാത്രം ഒരു ചേരിയിലും…ഫാഷിസ്റ്റ് വിരുദ്ധരെല്ലാം മറു ചേരിയിലുമായി അണിനിരക്കുമെന്നും. അധികം വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ജലീലിന്റെ ഈ പ്രതികരണം, മുസ്ലീം ലീഗിന്റെ ഇടതു പ്രവേശന സൂചന നല്‍കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.