കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാനസമിതിയോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ എം ഷാജി എംഎല്‍എയുള്‍പ്പടെയുള്ള നേതാക്കള്‍. രൂക്ഷവിമര്‍ശനങ്ങളാണ് കെ എം ഷാജി യോഗത്തിലുയര്‍ത്തിയത്. ഇതിന് മറുപടി പറയാനെത്തിയത് പി കെ കുഞ്ഞാലിക്കുട്ടി എം പിയും. തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്.
അസം, മുത്തലാഖ്, കശ്മീര്‍ – ഈ വിഷയങ്ങളൊക്കെ പാര്‍ലമെന്റിലോ പുറത്തോ ഉയര്‍ത്തുന്നതില്‍ എംപിമാരും ദേശീയ നേതൃത്വത്തും തികഞ്ഞ തോല്‍വിയായിരുന്നെന്നായിരുന്നു കെ എം ഷാജി തുറന്നടിച്ചത്. ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും സുപ്രധാന വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ദുര്‍ബലരാകുന്നുവെന്നായിരുന്നു ഷാജിയുടെ കുറ്റപ്പെടുത്തല്‍. നിര്‍ണായക സമയത്ത് കോഴിക്കോട്ട് ദേശീയ സമിതി യോഗം ചേര്‍ന്നു. നടന്നത് യൂസസ് കുഞ്ഞിനെ ഭാരവാഹിയാക്കല്‍ മാത്രം. സുപ്രധാന വിഷയങ്ങളില്‍ ഒരു ചര്‍ച്ചയോ നിലപാടെടുക്കലോ ദേശീയ സമിതിയിലുണ്ടായില്ല. അത്തരം ചിന്ത പോലുമുണ്ടായില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ മറുപടി പറയാന്‍ എഴുന്നേറ്റ് നിന്ന കുഞ്ഞാലിക്കുട്ടി ഈ വിമര്‍ശനത്തെ ചോദ്യം ചെയ്തു. പിന്നീട് ദേശീയനേതാക്കള്‍ക്ക് തിരിച്ചടിയായി ടി എ അഹമ്മദ് കബീറും എഴുന്നേറ്റ് നിന്ന് കെ എ ഷാജിയ്ക്ക് പിന്തുണ നല്‍കി. അതേസമയം ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള പ്രമുഖരൊന്നും തര്‍ക്കത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്നില്ല. തര്‍ക്കത്തില്‍ ഇടപെട്ട് സംസാരിച്ചതുമില്ല.
ഇന്ന് കോഴിക്കോട്ട് ലീഗ് പ്രവര്‍ത്തകസമിതി യോഗം നടക്കും. നേതൃത്വത്തിനെതിരായ വിമര്‍ശനം പ്രവര്‍ത്തക സമിതിയിലും സജീവ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല.