പലസ്തീന്റെ പ്രതിരോധത്തിനാണ് നമ്മൾ പിന്തുണ കൊടുക്കേണ്ടത്; എംകെ മുനീർ

കോഴിക്കോട്: ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസും രാജ്യത്തിനായി പോരാടിയത് ബ്രിട്ടീഷുകാരുടെ ചരിത്രത്തിൽ ഭീകരവാദവും തീവ്രവാദവുമായാണ് രേഖപ്പെടുത്തിയതെന്ന് മുസ്ലിം ലീ​ഗ് നേതാവ് എംകെ മുനീർ. ഗാസയുടെ മണ്ണിൽ സ്വാതന്ത്രത്തിനായി പോരാടുന്നത് സാമ്രാജ്യത്വ ശക്തികളുടെ മുന്നിൽ ഭീകര പ്രവർത്തനമാണ്. പലസ്തീന്റെ പ്രതിരോധത്തിനാണ് നമ്മൾ പിന്തുണ കൊടുക്കേണ്ടത്. പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്നും മുനീർ പറഞ്ഞു. ശശി തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി വിമർശിച്ചാണ് എംകെ മുനീറിന്റെ പരാമർശം. പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് ലീ​ഗ് നടത്തിയ റാലിയിൽ പങ്കെടുത്തായിരുന്നു തരൂരിന്റെ പരാമർശം.

പലസ്തീനിൽ യുദ്ധമല്ല, ഏകപക്ഷീയമായ വേട്ടയാണ് നടക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപിയും പറഞ്ഞു. അമേരിക്കയും പിന്തുണയായി ഇന്ത്യയും ചേർന്ന് അക്രമത്തിന് ഇരയായവർക്ക് ഒപ്പം നിൽക്കാതെ അക്രമികളുടെ കൂടെ നിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പലസ്തീനിലെ ജനത്തെ തുടച്ചു നീക്കാനുള്ള ഏകപക്ഷീയമായ അക്രമമാണ് നടക്കുന്നതെന്നും ഇ ടി പറഞ്ഞു.

ഇസ്രയേലിൽ ഭീകരവാദികൾ അക്രമം നടത്തിയെന്നും അവർ അവിടെ 1400 ലേറെ പേരെ കൊലപ്പെടുത്തിയെന്നും ശശി തരൂർ പറഞ്ഞിരുന്നു. 200 പേരെ ബന്ദികളാക്കി. അതിന് പകരമായി ഗാസയിൽ 6000ത്തിലേറെ പേരെ ഇസ്രയേലിൽ കൊലപ്പെടുത്തി. ബോംബിങ് ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇസ്രയേൽ യുദ്ധം നിർത്തുന്നതിന് മുൻപ് എത്ര കുഞ്ഞുങ്ങളുടെ ജീവനെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി മുസ്ലിം ലീഗ് സംഘടിപ്പിച്ച ഈ റാലി മുസ്ലിം വിഷയമായത് കൊണ്ടല്ല. ഇതൊരു മനുഷ്യത്വ വിഷയമാണ്. യുദ്ധത്തിന് മതമറിയില്ല. യുദ്ധത്തിൽ ക്രൈസ്തവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ ക്രൈസ്തവ പള്ളി ആക്രമിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ അവിടെ നിരവധി പേർ അഭയാർത്ഥികളായി. ആ പള്ളി തകർക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. ആ പള്ളിയിലും ഇസ്രയേൽ ബോംബിട്ടു. നിരവധി പേർ അവിടെയും കൊല്ലപ്പെട്ടു.-ശശി തരൂർ പറഞ്ഞു.

Top