പ്രതിഷേധം സംഘടിപ്പിക്കില്ല; വിവാദമായതോടെ നിലപാട് തിരുത്തി പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: നവ കേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ നിലപാട് തിരുത്തി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കണ്ണൂരില്‍ പ്രതിഷേധിച്ചവരെ മര്‍ദിച്ച സംഭവത്തിനെതിരായ വികാരം മലപ്പുറം ജില്ലയിലുമുണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമരങ്ങളെ സിപിഎം കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണ്. ഇത്തരത്തിലുള്ള മര്‍ദനങ്ങള്‍ക്കെതിരായി യുഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അവരുടെ പരിപാടി അവര്‍ നടത്തുമെന്നും അതിനെതിരെ പ്രതിഷേധിക്കാന്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിട്ടില്ലെന്നുമായിരുന്നു നേരത്തെ പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാല്‍, ഇതിനെതിരെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ എതിര്‍പ്പുയര്‍ന്നതോടെയാണ് കുഞ്ഞാലിക്കുട്ടി നിലപാട് മാറ്റി മര്‍ദനത്തിനെതിരായ വികാരം മലപ്പുറത്തും പ്രകടമായിരിക്കുമെന്ന രീതിയില്‍ പ്രതിഷേധമുണ്ടാകുമെന്ന പ്രസ്താവന നടത്തിയത്.

പ്രതിഷേധിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം പരിപാടികള്‍ക്ക് ജനം പരപ്രേരണയില്ലാതെ സ്വയം എത്തിച്ചേരേണ്ടതാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.സ്‌കൂള്‍ കുട്ടികളെ നവകേരള സദസില്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ല. ഇതിനൊക്കെ മാതൃക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top