തിരുവനന്തപുരം: ഒടുവിൽ അപമാനിച്ചുവിട്ടവന്റെ പ്രസക്തി കോൺഗ്രസ്സും തിരിച്ചറിഞ്ഞു. ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണമെന്ന സുപ്രധാന പ്രമേയമാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ജോസ്.കെ മാണിക്കെതിരെ കർക്കശ നിലപാടെടുത്ത മുതിർന്ന നേതാക്കൾക്കുള്ള തിരിച്ചടി കൂടിയാണ്. ജോസ് കെ മാണി വിഭാഗത്തിനാണ് കേരള കോൺഗ്രസ്സിൽ ശക്തിയെന്നും അവരില്ലാതെ തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മുന്നോട്ട് പോകുക പ്രയാസമാണെന്നുമാണ് കോൺഗ്രസ്സ് വിലയിരുത്തൽ. ഈ മൂന്ന് ജില്ലകൾക്കു പുറമെ എറണാകുളം റൂറൽ ജില്ലയിലും ഇടുക്കി, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ മലയോര പ്രദേശങ്ങളിലും കേരള കോൺഗ്രസ്സ് മാണി വിഭാഗത്തിന് സ്വാധീനമുണ്ട്. ഇക്കാര്യങ്ങൾ കൂടി വിലയിരുത്തിയാണ് സുപ്രധാന രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് തൊടുപുഴക്ക് അപ്പുറം കാര്യമായ ഒരു സ്വാധീനവും ഇല്ലന്നതാണ് കോൺഗ്രസ്സിന്റെ വിലയിരുത്തൽ. അതും ജോസഫിന്റെ കാലശേഷം കൈവിട്ടു പോകുമെന്ന ഭയവും കോൺഗ്രസ്സ് നേതൃത്വത്തിനുണ്ട്.
ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തി തിരിച്ചറിയുന്നതിൽ വൈകിപ്പോയി എന്നതാണ് നിലവിലെ കെ.പി.സി.സി നേതൃത്വത്തിന്റെ അഭിപ്രായം. അതു കൊണ്ടു തന്നെ തെറ്റു തിരുത്തുന്നതിനു വേണ്ടിയാണ് നിലവിലെ ശ്രമം. മുന്നണി വിപുലീകരണത്തിന് ആഹ്വാനം ചെയ്യുന്ന നിര്‍ണ്ണാക നിര്‍ദ്ദേശങ്ങളാണ് കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം മുന്നോട്ട് വച്ചിരിക്കുന്നത്. ഇത്തരമൊരു നീക്കം കോൺഗ്രസ്സ് നടത്താൻ പ്രധാനകാരണം ജോസ്.കെ മാണി വിഭാഗം ഇല്ലാതെ മുന്നണി പൂർണ്ണമാകില്ലന്നതു മാത്രമല്ല മുസ്ലീം ലീഗ് മുന്നണി വിടുന്നത് തടഞ്ഞ് നിർത്താൻ കൂടിയാണ്. ലീഗിൽ ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിക്കുന്ന വിഭാഗത്തിനാണ് കൂടുതൽ ശക്തി. ലോകസഭ തിരഞ്ഞെടുപ്പിൽ കൂടി തിരിച്ചടി നേരിട്ടാൽ ലീഗ് ഇടതുപക്ഷത്തേക്ക് പോകുമെന്ന അഭ്യൂഹവും ശക്തമാണ്. നിലവിൽ ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത നേതൃത്വവും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാർ സമസ്തയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതും ഇവർക്കിടയിലെ ബന്ധം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ‘അലയൊലി’ ലീഗ് നേതൃത്വത്തിലും പ്രകടമാണ്. സി.പി.എം ഇല്ലാത്ത കേരളത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലന്നു പറഞ്ഞത്, മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ്. കുഞ്ഞാലിക്കുട്ടിയും ഇടതുപക്ഷ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഈ നിലപാടിനെ എതിർത്ത നേതാവിനെ ലീഗിൽ നിന്നു തന്നെ പുറത്താക്കിയതും കോൺഗ്രസ്സിനെ ഞെട്ടിച്ച സംഭവമാണ്. കഴിഞ്ഞ തവണ ലോകസഭ തിരഞ്ഞെടുപ്പിൽ നേടിയ 19 സീറ്റിൽ പകുതിയെങ്കിലും നിലനിർത്താൻ കഴിഞ്ഞില്ലങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ലീഗ് യു.ഡി.എഫിൽ ഉണ്ടാകാൻ സാധ്യത കുറവാണ് എന്നു തന്നെയാണ് കോൺഗ്രസ്സ് ദേശീയ നേതൃത്വവും വിലയിരുത്തുന്നത്. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ നീക്കം ദേശീയ നേതൃത്വത്തിന്റെ അറിവോട് കൂടി തന്നെയാണ് കോൺഗ്രസ്സ് നടത്തുന്നത്. അതുകൊണ്ടാണ് ജോസ് കെ മാണിയെ പുകച്ച് പുറത്താക്കാൻ ശ്രമിച്ചവർ പോലും ഇപ്പോൾ അടങ്ങിയിരിക്കുന്നത്.
മുസ്ലിംലീഗ് മുന്നണി വിട്ടാൽ യു.ഡി.എഫ് എന്ന രൂപത്തിൽ നിലനിൽക്കാനെങ്കിലും, കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം കോൺഗ്രസ്സിനെ സംബന്ധിച്ച് അനിവാര്യം തന്നെയാണ്. ജോസ്.കെ മാണി വിഭാഗം ഇല്ലാതെ യു.ഡി.എഫിന് ഭരണം ലഭിക്കുക പ്രയാസമാണ് എന്നതാണ് ലീഗിലെ ‘ഇടതുവിരുദ്ധരുടെയും’ അഭിപ്രായം. ലീഗിലെ പ്രബല വിഭാഗം ഇടത്തോട്ട് പോകുന്നതിനെ ചെറുക്കാൻ, ജോസ് കെ മാണി മുന്നണിയിൽ തിരിച്ചെത്തിയാൽ സാധിക്കുമെന്നതാണ് ഈ വിഭാഗത്തിന്റെ കണക്കു കൂട്ടൽ.
കാര്യങ്ങൾ ഇങ്ങനെ ഒക്കെയാണെങ്കിലും, തങ്ങൾ ഇപ്പോൾ ഇടതുപക്ഷം വിടാൻ തീരുമാനിച്ചിട്ടില്ലന്നാണ് ജോസ് കെ മാണി വിഭാഗം പറയുന്നത്. നിർണ്ണായക ഘട്ടത്തിൽ രാഷ്ട്രീയ അഭയം നൽകിയ ഇടതുപക്ഷത്തെ ചതിക്കാൻ കഴിയില്ലന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. എങ്കിലും, കോൺഗ്രസ്സ് ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. ജോസ് കെ മാണിയുടെ അടുപ്പക്കാർ വഴി ശ്രമം തുടരാൻ തന്നെയാണ് നേതാക്കളുടെ തീരുമാനം. ചിന്തൻ ശിബരത്തിലെ തീരുമാനം നടപ്പാക്കാനായി നേതാക്കളുടെ പ്രത്യേക നിരീക്ഷണ സംവിധാനവും കോൺഗ്രസ്സ് ഏർപ്പാടാക്കിയിട്ടുണ്ട്. ബിജെപിക്ക് യഥാർത്ഥ ബദൽ കോൺഗ്രസാണ്. അതിൽ ഊന്നി പ്രചാരണം വേണമെന്ന നിലപാടും കോൺഗ്രസ്സ് നേതൃയോഗം കൈ കൊണ്ടിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണമെന്നും ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാൻ ഉള്ള ബിജെപി ശ്രമത്തിന് തടയിടണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്തിട്ടുണ്ട്.