ലോക്‌സഭയില്‍ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയതില്‍ പ്രതികരിച്ച് മുസ്ലിം ലീഗ്

കോഴിക്കോട്: ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയതില്‍ പ്രതികരിച്ച് മുസ്ലിം ലീ?ഗ്. മഹുവ മൊയ്ത്രയെ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഏത് വിധേനയും നിശ്ശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് കാടത്തമാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്ന് നടപടിക്ക് ശേഷം മഹുവ മൊയ്ത്ര പ്രതികരിച്ചിരുന്നു. തന്നെ പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോള്‍ 49 വയസ് ആണ്. അടുത്ത മുപ്പത് വര്‍ഷവും പാര്‍ലമെന്റിലും തെരുവിലും പോരാട്ടം തുടരും. അദാനിയുടെ 30,000 കോടി അഴിമതിക്കെതിരെ എന്തു നടപടിയാണ് സിബിഐ എടുത്തതെന്നും മഹുവ ചോദിച്ചു.’ഡാനിഷ് അലിക്കെതിരായ രമേഷ് ബിധൂരിയുടെ പരാമര്‍ശത്തില്‍ നടപടികളൊന്നുമെടുത്തില്ല. എന്നെ പുറത്താക്കാന്‍ ഈ കങ്കാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും നിങ്ങള്‍ക്ക് അദാനി എത്ര വേണ്ടപ്പെട്ടവനാണെന്ന് രാജ്യത്തിന് കാണിച്ചുകൊടുത്തു. എനിക്കെതിരായ നടപടി കമ്മിറ്റിയുടെ അധികാരത്തിന് പുറത്താണ്. ഇത് നിങ്ങളുടെ അവസാനത്തിന്റെ തുടക്കമാണ്. തിരിച്ചുവരും, നിങ്ങളുടെ അവസാനം കാണും,’ മഹുവ പറഞ്ഞു. ഒപ്പം നിന്ന ഇന്‍ഡ്യ മുന്നണിക്ക് മഹുവ മൊയ്ത്ര നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്‌സഭ പാസ്സാക്കിയത്. പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. മഹുവ മൊയ്ത്രക്ക് സംസാരിക്കാന്‍ അനുമതി നല്‍കണം എന്ന് തൃണമൂല്‍ കോണ്‍ഗ്രസും മഹുവയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് അധിര്‍ രഞ്ജന്‍ ചൗധരിയും ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. നടപടിയെടുക്കുമ്പോള്‍ സ്വാഭാവിക നീതി ഉറപ്പാക്കണമെന്നായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ ആവശ്യം.

 

Top