തിരുവനന്തപുരം: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം.
അഴീക്കോട്ട് ഒരു സ്‌കൂളിന് 2017ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭനാണ് പരാതി നല്‍കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കാനായി മുസ്ലീംലീഗിന്റെ പൂതപ്പാറ കമ്മിറ്റി 25 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷാജി ഇടപെട്ട് പണം വാങ്ങിയെന്നാണ് ആരോപണം.
സംഭവത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പരാതിയില്‍ തെളിവ് കണ്ടെത്തിയതോടെ നിയമസഭ സ്പീക്കറോടും സര്‍ക്കാരിനോടും കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടുകയായിരുന്നു.