കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ലീഗ് എംഎല്‍എയെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ല;പിഎംഎ സലാം

കോഴിക്കോട്: കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് എം.എല്‍.എയെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയെ ഭരണസമിതി അംഗമാക്കാനുള്ള തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്. സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍ നേരത്തെ ലീഗ് പ്രതിനിധി ഉണ്ടായിരുന്നുവെന്നും സലാം അറിയിച്ചു.

നേരത്തെയുള്ള സംവിധാനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേത്. ഔദ്യാഗികമായി ഈ വിഷയത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല. സഹകരണ മേഖലയില്‍ രാഷ്ട്രീയം കാണാതെ എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് ലീഗ് നിലപാടെന്നും പിഎംഎ സലാം കോഴിക്കോട്ട് പറഞ്ഞു.

കേരളാ ബാങ്കില്‍ ആദ്യമായാണ് ഒരു യു.ഡി.എഫ് എം.എല്‍.എ ഭരണസമിതി അംഗമാകുന്നത്. നിലവില്‍ മലപ്പുറം ജില്ലയില്‍നിന്ന് കേരളാ ബാങ്കില്‍ ഡയറക്ടര്‍മാരില്ല. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ ലീഗ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. നിയമപോരാട്ടം തുടരുമ്പോള്‍ ലീഗ് എം.എല്‍.എയെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് കൊണ്ടുവരുന്നത് കേസിനെ ദുര്‍ബലപ്പെടുത്താനാണെന്നാണ് ലീഗിനുള്ളില്‍ നിന്നുതന്നെ ഉയരുന്ന വിമര്‍ശനം.

 

Top