മത വികാരം വോട്ടാക്കാന്‍ പതാകയില്‍ പച്ചയും മതചിഹ്നവും ഉള്‍പ്പെടുത്തിയ മുസ്ലിം ലീഗാണ് ഇപ്പോള്‍ നിയമസഭയില്‍ വര്‍ഗീയ മതില്‍ പ്രയോഗം നടത്തിയിരിക്കുന്നത്.
സര്‍ക്കാറും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും മുന്‍കൈ എടുത്ത് നടത്തുന്ന വനിതാ മതിലില്‍ മുസ്ലിം ലീഗിന് പങ്കെടുക്കാതിരിക്കാം. അത് ആ പാര്‍ട്ടിയുടെ വിവേചനാധികാരമാണ്. കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ മുസ്ലീം ലീഗിന് എടുത്ത് പറയാന്‍ ഒരു പോരാട്ടവും ഇല്ല എന്നതും ഓര്‍ക്കണം. സംസ്ഥാനത്തെ മുസ്ലീം സമുദായത്തിന്റെ മൊത്തം കുത്തകാ അവകാശം ഇവിടെ ഒരു മുസ്ലിമും ലീഗിനെ ഏല്‍പ്പിച്ചിട്ടില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ ലീഗുകാരല്ലാത്ത ഒരു ജന പ്രതിനിധിയും മലപ്പുറത്തു നിന്നു പോലും തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു.
വനിതാമതില്‍ വര്‍ഗീയ മതിലാണെന്നും ജര്‍മനിയില്‍ പണിത ബെര്‍ലിന്‍ മതില്‍ പൊളിച്ചു മാറ്റിയതു പോലെ ഇതും ജനങ്ങള്‍ പൊളിച്ചുമാറ്റുമെന്നുമാണ് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍ നിയമസഭയില്‍ പറഞ്ഞത്. മുസ്ലീമും ക്രിസ്ത്യാനിയും പങ്കെടുക്കാത്ത മതിലെന്ന് അദ്ദേഹം നടത്തിയ പരാമര്‍ശം അത്യന്തം അപലപനീയമാണ്. ഡോക്ടര്‍ ബിരുദം കൂടിയുള്ള മുനീര്‍ സ്വയം അപഹാസ്യനാവരുത്.
ഇടതുപക്ഷ സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന വനിതാ മതില്‍ സംഘാടനത്തിന് കച്ചടക്കണ്ണോടെ മാത്രം സാമുദായിക പ്രവര്‍ത്തനം നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ളവരെ നിയോഗിച്ചതിനെ വിമര്‍ശിച്ചാല്‍ അത് അംഗീകരിക്കാമായിരുന്നു. പക്ഷേ ഇത് സാമുദായിക ശ്രദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള വിമര്‍ശനം ആയിപ്പോയി.
ജാതി- മത ശക്തികളും ജന്മിമാരും അശാന്തി വിതച്ച കേരളത്തിന്റെ മണ്ണ് ഉഴുതുമറിച്ച് പാകപ്പെടുത്തിയ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും ആ പ്രത്യയശാസ്ത്ര കെട്ടുറപ്പില്‍ ഭരണം നടത്തുന്ന സംസ്ഥാന സര്‍ക്കാറിനും വെള്ളാപ്പള്ളിയെ സഹകരിപ്പിക്കേണ്ട കാര്യം തന്നെ ഉണ്ടായിരുന്നില്ല.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഈഴവ സമുദായത്തിന്റെ രാജാവ് ഒന്നുമല്ല, ഈഴവരില്‍ തന്നെ ബഹു ഭൂരിപക്ഷവും വെള്ളാപ്പള്ളിയെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും അംഗീകരിക്കുന്നുമില്ല, അതാണ് യാഥാര്‍ത്ഥ്യം.
വെള്ളാപ്പള്ളി നടേശന്‍ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തിന് വിജയിക്കുന്നത് തന്നെ ഈ സമുദായ നേതാവിന് സ്വന്തം സമുദായം നല്‍കുന്ന പരിഗണനയുടെ തെളിവായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
മുസ്ലീം സമുദായത്തിന്റെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന മുസ്ലീം ലീഗിന് സ്വന്തം തട്ടകമായ മലപ്പുറത്ത് 5 നിയമസഭ മണ്ഡലങ്ങള്‍ നഷ്ടമായത് എങ്ങനെ എന്നു ചിന്തിക്കണം. ലീഗ് വിദ്യാര്‍ത്ഥി സംഘടന എം.എസ്.എഫ് കുത്തകയാക്കിയ കാമ്പസുകളില്‍ എങ്ങനെ ശുഭ്ര പതാക പാറുന്നു എന്നതും തിരിച്ചറിയണം. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം തട്ടകമായ വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചതും എം കെ മുനീര്‍ കണ്ണുതുറന്ന് കാണണം.
സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്ന ഈ കാഴ്ചകള്‍ നിങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാലും രാഷ്ട്രീയ കേരളം കാണുന്നുണ്ട് എന്നത് ഓര്‍ക്കുന്നത് നല്ലതാണ്.
വനിതാ മതിലിനെതിരെ വാചാലനാകുന്ന മുനീര്‍ നയിക്കുന്ന ലീഗില്‍ ജനസംഖ്യയുടെ പാതിവരുന്ന സ്ത്രീകളുടെ സ്ഥാനമെന്താണ്? വനിതാ ലീഗ് എന്ന പേരില്‍ ഒരു പെണ്‍സംഘടന ലീഗിനുണ്ടെന്നതു ശരിതന്നെ. പക്ഷേ, കഴിഞ്ഞ ഏഴു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്നേവരെ ഒരു സ്ത്രീയെപ്പോലും നിയമസഭയിലേക്കോ ലോകസഭയിലേക്കോ മത്സരിപ്പിക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തയ്യാറായിട്ടില്ല.
ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്നു ഒഴിവുവന്ന മലപ്പുറം ലോകസഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് ആഗ്രഹം പ്രകടിപ്പിച്ചിട്ടും നേതൃത്വം വഴങ്ങിയില്ല. സീറ്റ് കുഞ്ഞാലിക്കുട്ടിയാണ് റാഞ്ചിയത്.
വേങ്ങര ഉപതെരഞ്ഞെടുപ്പിലും വനിതയെ പരിഗണിച്ചില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മെയ്ല്‍ മുസ്ലീം ലീഗ് ആയി മാറുന്ന കാഴ്ചയാണ് പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വച്ചാണ് ഇപ്പോള്‍ വനിതാ മതിലില്‍ മുസ്ലീംലീഗ് വര്‍ഗ്ഗീയത കാണുന്നത്.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു വനിതാ മതില്‍ തീര്‍ക്കാന്‍ കേരളത്തിലെ സി.പി.എമ്മിന് സ്വന്തം മുന്നണിയിലെ ഘടകകക്ഷികളുടെ പോലും പിന്തുണ ആവശ്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സ്വന്തം നെഞ്ചു കൊണ്ട് നിരവധി തവണ കേരളത്തെ അളന്നവരാണ് സി.പി.എം യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. വര്‍ഗ്ഗ ബഹുജന സംഘടനകളില്‍ അണിനിരന്ന വനിതാ ലക്ഷങ്ങള്‍ മാത്രംമതി ചെങ്കൊടിക്ക് കേരളത്തില്‍ ഒരു വന്‍മതില്‍ തീര്‍ക്കാന്‍.
ഈ യാഥാര്‍ത്ഥ്യം അറിയാമായിരുന്നിട്ടും വെള്ളാപ്പള്ളിയെ പോലുള്ളവരെ വനിതാ മതിലിന്റെ സംഘാടന ചുമതലയില്‍ നിയോഗിച്ചതു മാത്രമാണ് സര്‍ക്കാറിനു പറ്റിയ തെറ്റ്.
അച്ഛന്‍ സംസ്ഥാന സര്‍ക്കാറിനൊപ്പവും മകന്‍ കേന്ദ്ര സര്‍ക്കാറിനൊപ്പവും നില്‍ക്കുന്നതിന്റെ സ്വാര്‍ത്ഥ താല്‍പ്പര്യം മനസ്സിലാക്കി നിലപാടു സ്വീകരിക്കാന്‍ സി.പി.എം തയ്യാറാകണമായിരുന്നു. സകല ജാതി- മത ശക്തികളെയും എതിരിട്ടാണ് ഈ മണ്ണില്‍ ചുവപ്പ് രാഷ്ട്രീയം മേധാവിത്വം ഉറപ്പിച്ചത്. അക്കാര്യം പാര്‍ട്ടി നേതാക്കളാരും മറന്നു പോകരുത്.