തിരുവനന്തപുരം: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ല. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കാന്‍ ധാരണ. കൊല്ലം ആര്‍എസ്പിക്ക് തന്നെ നല്‍കും. നിലവിലെ സിറ്റിങ് സീറ്റ് വിട്ട് നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഈ തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് ശക്തമായി അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. മലബാറില്‍ ഒരു സീറ്റ് കൂടിയാണ് ലീഗ് ആവശ്യപ്പെട്ടത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍ക്ക് പുറമെയാണ് മറ്റൊരു സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റാണ്. കണ്ണൂര്‍, വടകര സീറ്റുകളിലും അവകാശവാദം ഉന്നയിച്ചിരുന്നു. 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 2 സീറ്റ് ലീഗിനും ഓരോ സീറ്റ് വീതം കേരള കോണ്‍ഗ്രസിനും ആര്‍എസ്പിക്കും നല്‍കും. മുസ്ലിം ലീഗ് നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് യോഗത്തില്‍ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടായെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഫെബ്രുവരി 5-ന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും.