യു.ഡി.എഫ് കക്ഷി എന്ന നിലയില്‍ പങ്കെടുക്കാന്‍ ആകില്ല, ക്ഷണത്തിന് നന്ദി; സിപിഐഎം റാലിയിലേക്ക് ലീഗില്ല

കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല. യു ഡി എഫ് കക്ഷി എന്ന നിലയില്‍ പങ്കെടുക്കാന്‍ ആകില്ല എന്നും. ഇതില്‍ കുറ്റം കാണരുതെന്നും ക്ഷണത്തിന് നന്ദി ഉണ്ടെന്നും ലീഗ് വ്യക്തമാക്കി. അതെ സമയം പലസ്തീന്‍ വിഷയത്തില്‍ ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നതോടെ ലീഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീര്‍ എംപി അടക്കമുള്ള നേതാക്കള്‍, റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും അനുകൂല സൂചന പ്രതികരണങ്ങളില്‍ പ്രകടമായിരുന്നു.

സിപിഐഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചത്. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. പലസ്തീന്‍ വിഷയത്തില്‍ യോജിക്കാവുന്ന മുഴുവന്‍ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഐഎം ശ്രമിക്കുന്നത്. എന്നാല്‍ ഇതോടെ പലസ്തീന്‍ വിഷയത്തിലൂടെ ലീഗിനെ ഇടതുപക്ഷത്ത് അനുകൂലമാക്കി നിര്‍ത്താനുള്ള സിപിഐഎമ്മിന്റെ പ്രതീക്ഷയും അസ്തമിക്കുകയാണ്.

Top