Muslim Women Beaten Over Beef Rumour

ഭോപ്പാല്‍ : ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് രണ്ട് മുസ്ലീം സ്ത്രീകള്‍ക്ക് ഹിന്ദുത്വ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ചൊവ്വാഴ്ച്ച മധ്യപ്രദേശിലെ മാന്ത്‌സൗര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

ബീഫ് കൈവശം വെച്ചുവെന്ന ആരോപണത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീകള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജറോറയില്‍ നിന്നും എത്തിച്ച ബീഫ് മൗന്ത്‌സൗറില്‍ വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് സ്ത്രീകള്‍ക്കെതിരായ പരാതി.

പൊലീസിനെ കാഴ്ച്ചക്കാരാക്കിയാണ് ഹിന്ദുത്വ ഗ്രൂപ്പിന്റെ പ്രവര്‍ത്തകര്‍ സ്ത്രീകളെ മര്‍ദ്ദിച്ചത്. സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷവും ഉണ്ടായി. ഇതിന്റെ നേര്‍കാഴ്ച്ചയായ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

മുദ്രാവാക്യങ്ങള്‍ മുഴക്കി കുറച്ച് സ്ത്രീകള്‍ സ്ത്രീകളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണം. സ്ത്രീകളില്‍ ഒരാള്‍ വീഴുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നു. സ്ത്രീകളെ മര്‍ദ്ദിക്കുന്നവരോട് സ്ഥലത്ത് നിന്നും മാറി നില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.

ഈ അവസ്ഥ ഏകദേശം അരമണിക്കൂറോളം തുടര്‍ന്ന്. ഇതിനുശേഷമാണ് മുസ്ലീം സ്ത്രീകളെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.

മുസ്ലീം സ്ത്രീകളെ കൈകളില്‍ നിന്നും 30 കിലോഗ്രാം മാംസം പിടിച്ചെടുത്തെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ സ്ത്രീകളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. എന്നാല്‍ സ്ത്രീകളെ മര്‍ദ്ദിച്ച ഹിന്ദുത്വ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

Top