കോഴിക്കോട്: എംഇഎസ് സ്ഥാപനങ്ങളില്‍ മുഖം മൂടുന്നത് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതിന് പിന്നാലെ തനിക്കെതിരെ വധഭീഷണിയുണ്ടായെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. തുടര്‍ന്ന് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫില്‍ നിന്ന് ഒരാള്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും സര്‍ക്കുലര്‍ പിന്‍വലിക്കാത്ത പക്ഷം ജീവന്‍ അപായത്തിലാകുമെന്നാണ് ഭീഷണി സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
നമ്പറും കോള്‍ റെക്കോര്‍ഡ് വിശദാംശങ്ങളും ഉള്‍പ്പെടെയാണ് ഫസല്‍ ഗഫൂര്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് നടക്കാവ് പൊലീസ് കേസെടുത്തു. തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചെന്ന് കാട്ടി മറ്റൊരു പരാതിയും ഫസല്‍ ഗഫൂര്‍ നല്‍കിയിട്ടുണ്ട്.