ലക്‌നൗ : മുസ്ലീം സ്ത്രീകള്‍ ഹിന്ദുക്കളെ വിവാഹം കഴിക്കണമെന്ന വിവാദ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാധി പ്രാചി. മുത്തലാഖും നിക്കാഹ് ഹലാലയും സാമൂഹ്യ തിന്മകളായാണ് മുസ്ലീം സ്ത്രീകള്‍ കരുതുന്നത്. അതിനാല്‍ അതില്‍ നിന്നും രക്ഷപ്പെടാനായി മുസ്ലീം സ്ത്രീകള്‍ ഹിന്ദുക്കളെ വിവാഹം കഴിക്കണമെന്നാണ് വി എച്ച് പി നേതാവിന്റെ നിര്‍ദേശം.
മുസ്ലീം സ്ത്രീകള്‍ ജീവിതം നശിപ്പിക്കരുത്. ഹിന്ദുക്കളെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം. ഹിന്ദുമതത്തിലേക്ക് വരുന്നതോടെ നിങ്ങളുടെ ഭയം ഇല്ലാതാകും. മൂല്യങ്ങള്‍ പിന്തുടരുന്ന മിടുക്കരായ ആണ്‍കുട്ടികളെ നിങ്ങള്‍ക്ക് ലഭിക്കും. എല്ലാവരെയും ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്യുന്നു പ്രാചി പറഞ്ഞു.
താന്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ധാരാളം വിവാദ പരാമര്‍ശങ്ങള്‍ പ്രാചി നടത്തിയിരുന്നു. മുസ്ലിം വിശ്വാസികള്‍ക്കിടയിലെ മുത്തലാഖ് എന്ന വിവാഹമോചന രീതിക്കെതിരായ പ്രസ്ഥാവനയില്‍ ഹിന്ദു പുരുഷന്‍മാരെ സ്‌നേഹിക്കണമെന്ന് സ്വാധി അഭിപ്രായപ്പെട്ടിരുന്നു.
കൂടാതെ ഞങ്ങളുടെ ഹിന്ദു വിശ്വാസികളായ ആണ്‍മക്കള്‍ നിങ്ങളെ കല്ല്യാണം കഴിക്കുന്നതില്‍ സന്തോഷവാന്‍മാരായിരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ ശാന്തിയും സമാധാനവും വേണമെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം വരണമെന്നും സാധ്വി പ്രാചി പറഞ്ഞിരുന്നു.