കൊറോണക്ക് വെറുപ്പല്ല, ജനങ്ങള്‍ക്കിടയിലെ ഐക്യമാണ് മരുന്ന്: യുവാല്‍ നോഹ ഹരാരി

ന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും പ്രസിദ്ധരായ ചരിത്രകാരന്മാരില്‍ ഒരാളാണ് യുവാല്‍ നോഅ ഹരാരി. ചരിത്രാതീതകാലം മുതല്‍ക്കുള്ള മനുഷ്യന്റെ വളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തി ഈ ഇസ്രായേലി ഗ്രന്ഥകാരന്‍ എഴുതിയിട്ടുള്ള കൃതികളായ സാപിയന്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്‍ഡ് (2014), ഹോമോ ഡിയൂസ്: ദ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറൊ (2016), ട്വന്റി വണ്‍ ലെസണ്‍സ് ഫോര്‍ ദ ട്വിന്റി ഫസ്റ്റ് സെഞ്ച്വറി (2018)എന്നീ പുസ്തകങ്ങള്‍ ഏറെ ജനപ്രിയമാണ്.

തന്റെ രചനാശൈലിയിലൂടെ അദ്ദേഹം നമ്മോട് മനുഷ്യന്‍ എന്ന നിലയിലുള്ള നമ്മുടെ ഭൂതകാലത്തെയും, വര്‍ത്തമാനത്തെയും ഭാവിയെയും പറ്റി സംവദിക്കുമ്പോള്‍ അതിന് രസമേറെയാണ്.

ഇന്നലെ ഇന്ത്യ ടുഡേ സംഘടിപ്പിച്ച ‘ഇ കോണ്‍ക്ലേവ് കൊറോണാ സീരിസി’ല്‍ ഹരാരി നടത്തിയ സംവാദം ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. കൊറോണാ വൈറസ് എന്ന മഹാമാരിയുടെ കൊടുങ്കാറ്റ് ഈ ഭൂമിയെ കടന്നു പോയ്ക്കഴിയുമ്പോള്‍, നമ്മുടെ ലോകം എങ്ങനെ ഉണ്ടായിരിക്കും എന്ന പ്രസക്തമായ ചോദ്യത്തെയാണ് അദ്ദേഹം തന്റെ സെഷനില്‍ മുഖ്യമായും വിശകലനം ചെയ്തത്.

ഒരു മഹാമാരിയെ നേരിടുന്ന കാര്യത്തില്‍, നമ്മള്‍ ഇന്ന് മുന്‍കാലങ്ങളെക്കാള്‍ ഏറെ മെച്ചപ്പെട്ട ഒരു അവസ്ഥയിലാണുള്ളത് . ആ പോരാട്ടം എങ്ങനെ വേണമെന്ന കാര്യത്തില്‍ ഇന്ന് നമുക്ക് എല്ലാ വിധ ശാസ്ത്രീയ പരിജ്ഞാനവുമുണ്ട്. പകര്‍ച്ചവ്യാധികള്‍ എങ്ങനെ പടരുന്നു എന്ന കാര്യത്തില്‍ വ്യക്തമായ ധാരണകള്‍ ഇന്ന് ശാസ്ത്രലോകത്തിനുണ്ട്. പണ്ടേപ്പോലെ ഇരുട്ടില്‍ തപ്പുകയല്ല നാമിന്നു ചെയ്യുന്നത്. എന്നാല്‍, ഇന്ന് നമ്മുടെ പക്കല്‍ വന്നു ചേര്‍ന്നിട്ടുള്ള, ശാസ്ത്ര സാങ്കേതിക വിദ്യ പകര്‍ന്നു നല്‍കിയ, ആ ‘ശക്തി’ എത്രമാത്രം ഉത്തരവാദിത്തബോധത്തോടെ വിനിയോഗിക്കാന്‍ നമുക്ക് സാധിക്കും എന്നുള്ളതാണ് യഥാര്‍ത്ഥ ചോദ്യം.

മഹാമാരിയെ നേരിട്ടതില്‍ അമേരിക്ക കാണിച്ച കെടുകാര്യസ്ഥത

2014 -ല്‍ എബോള പടര്‍ന്നു പിടിച്ചപ്പോള്‍ അതിനെതിരായ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ചത് അമേരിക്ക നേരിട്ടാണ്. ആ പ്രതിസന്ധിയെ അതിജീവിക്കാന്‍ വേണ്ടതെല്ലാം തന്നെ അന്ന് വളരെ സ്തുത്യര്‍ഹമായ രീതിയില്‍ തന്നെ അമേരിക്ക ചെയ്യുകയുണ്ടായി. 2008 – ല്‍ ആഗോളമാന്ദ്യം വന്നപ്പോഴും ലോകത്തെ അതില്‍ നിന്ന് കരകയറ്റാന്‍ മുന്നിട്ടു നിന്നത് അമേരിക്കയായിരുന്നു.

ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ്. അങ്ങനെ ഒരു റോള്‍ ഏറ്റെടുക്കാന്‍ ഇന്ന് അമേരിക്കക്ക് ഒട്ടും താത്പര്യമില്ല. അവര്‍ ഇന്ന് ഒരു സ്വാര്‍ത്ഥ ചിന്താഗതിയുമായിട്ടാണ് മുന്നോട്ടു നീങ്ങുന്നത്. പക്ഷേ, അമേരിക്ക ഇന്ന് ഫസ്റ്റായിട്ടുള്ളത് ലോകത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിലാണ്.

ഒരു മഹാമാരി വരുമ്പോള്‍ അതിനെ അതിജീവിക്കാന്‍ വേണ്ടി ഒരു വാക്‌സിന്‍ വികസിപ്പിച്ചെടുക്കണമെങ്കില്‍ ഏറ്റവും നല്ല മാര്‍ഗം, പരസ്പരം മത്സരിക്കുന്നതല്ല, മറിച്ച് ലോകരാഷ്ട്രങ്ങളുടെ എല്ലാം വിഭവങ്ങളെ ഒന്നിച്ചു ചേര്‍ത്ത് ഒറ്റക്കെട്ടായി പരിശ്രമം നടത്തുന്നതാണ്.

കോവിഡ് ലോകത്ത് ഉണ്ടാക്കാന്‍ പോകുന്ന സാമ്പത്തിക ആഘാതത്തെ നേരിടണമെങ്കിലും ഒന്നിച്ചുള്ള പരിശ്രമങ്ങള്‍ ആവശ്യമാണ്. ഒരു ആഗോള സാമ്പത്തിക പദ്ധതി മുന്നോട്ടു വച്ചില്ലെങ്കില്‍ നമ്മളെ കാത്തിരിക്കുന്നത് ആഗോള സാമ്പത്തിക മാന്ദ്യമായിരിക്കും.

അമേരിക്കയുടെ പോരാട്ടവീര്യത്തിലും കാര്യക്ഷമതയിലുമുള്ള ലോകത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ‘നോക്കൂ.. സ്വന്തം നാട്ടിലൊരു പ്രശ്‌നം വന്നപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നിന്നവരാണ് അമേരിക്ക. അവരാണോ ഇനി ലോകത്തെ നയിക്കാന്‍ പോവുന്നത്..?

യഥാര്‍ത്ഥ പ്രശ്‌നം

ഈ മഹാമാരിയുടെ തുടക്കത്തില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെപ്പറ്റി ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ചൈന കുറേക്കൂടി ഉത്തരവാദിത്ത ബോധത്തോടെയും സുതാര്യതയോടെയും ലോകത്തോട് പെരുമാറിയിരുന്നെങ്കില്‍ ഇന്ന് മറ്റുള്ള രാജ്യങ്ങള്‍ ഈ അവസ്ഥയില്‍ എത്തില്ലായിരുന്നു.

ഇന്ന് ചൈന മറ്റു രാജ്യങ്ങളെ അവരുടെ പ്രതിസന്ധികള്‍ മറികടക്കാന്‍ വേണ്ടി സഹായിച്ചുകൊണ്ടിരിക്കുന്നു എന്നത് തീര്‍ച്ചയായും സന്തോഷം പകരുന്ന കാഴ്ച തന്നെ. എന്നാല്‍ ഏതെങ്കിലും ഒരു രാജ്യത്തെയോ, ഒരു നേതൃശക്തിയേയോ ഒന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല എന്ന യാഥാര്‍ഥ്യം ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞാല്‍ നന്നായിരുന്നു. നമുക്ക് വേണ്ടത് ആഗോളതലത്തിലുള്ള ഒരു ഐക്യഭാവമാണ്.

മനുഷ്യ ശരീരത്തിലേക്ക് വിളിക്കാതെ വരുന്ന വൈറസ് അല്ല പ്രശ്‌നക്കാരന്‍, അത് നമ്മള്‍ മനുഷ്യരുടെ ഉള്ളില്‍ നമ്മള്‍ പോറ്റിവളര്‍ത്തുന്ന ചെകുത്താന്മാര്‍ തന്നെയാണ്. ഈ മഹാമാരിക്കിടയിലും മറ നീക്കി പുറത്തുവരുന്നത് നമ്മുടെ വെറുപ്പ് തന്നെയാണ്. സഹജീവികളോടുള്ള വെറുപ്പ്, ഇതരമതസ്ഥരോടുള്ള വെറുപ്പ്, മറ്റു രാജ്യങ്ങളോടുള്ള വെറുപ്പ്. ഈ വെറുപ്പിനെ യഥാസമയം ചികിത്സിച്ചുമാറ്റിയില്ലെങ്കില്‍ നമ്മള്‍ ഇനി വരുന്ന കാലത്ത് നമ്മളെ ഒന്നിച്ചു നിര്‍ത്തേണ്ട ആ സമൂഹപ്രജ്ഞയിലാണ് വിഷം കലര്‍ത്തുന്നത്.

മഹാമാരിയുടെ മറവില്‍ അധികാരികള്‍

മഹാമാരിയോടൊപ്പം വന്നിറങ്ങുന്ന ആദ്യത്തെ വിപത്ത് ‘നിരീക്ഷണ’ങ്ങളാണ്. മുമ്പത്തെ സര്‍ക്കാരുകള്‍ക്ക് അറിയേണ്ടിയിരുന്നത് നമ്മള്‍ എവിടെപ്പോയി, ആരെ കണ്ടു, ആരോടൊക്കെ എന്ത് മിണ്ടി എന്നൊക്കെയായിരുന്നെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍, ഗവണ്‍മെന്റുകള്‍ നിങ്ങളുടെ ശരീരത്തിനുള്ളില്‍ എന്താണെന്ന് പോലും അറിയാന്‍ തത്പരരാണ്.

മുന്‍കാലങ്ങളില്‍ ഗവണ്മെന്റുകള്‍ക്ക് നിങ്ങള്‍ ഏത് വീഡിയോ ആണ് ഓണ്‍ലൈന്‍ കാണുന്നത് എന്നറിയാന്‍ സാധിച്ചിരുന്നു എങ്കിലും നമ്മുടെ മനോവിചാരങ്ങള്‍ അറിയാനുള്ള കഴിവില്ലായിരുന്നു. വരാനിരിക്കുന്ന കാലം നമ്മുടെ ശരീരോഷ്മാവ്, ഹൃദയമിടിപ്പ്, ഒക്കെ ബയോമെട്രിക് സര്‍വൈലന്‍സിനു വിധേയമാക്കിക്കൊണ്ട് നമ്മള്‍ എന്ത് ചിന്തിക്കുന്നു എന്നുപോലും മനസ്സിലാക്കിയെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കും വിധത്തിലുള്ള നിരീക്ഷണസംവിധാനങ്ങളാണ് സംജാതമാവാന്‍ പോവുന്നത്. അത് നമ്മെ നയിക്കാന്‍ പോവുന്നത് ജോര്‍ജ് ഓര്‍വെല്‍ സ്വപ്നം പോലും കാണാതിരുന്ന ഒരു സമഗ്രാധിപത്യവ്യവസ്ഥയിലേക്കാണ്.

ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുമ്പോള്‍ തന്നെ ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്ക് ഭംഗം വരാതെ കാക്കാനുംസാധിക്കണം. അതിനുള്ള വഴി സംവിധാനത്തില്‍ ഉണ്ടായിരിക്കണം. ഇത്തരം മഹാമാരികള്‍ വരുമ്പോള്‍ അവയെ ട്രാക്ക് ചെയ്യാനും മോണിറ്റര്‍ ചെയ്യാനും ഒക്കെ സാങ്കേതിക വിദ്യയുടെ സഹായം വേണ്ടി വരും നമുക്ക്. ഈ ആരോഗ്യ സംബന്ധിയായ നിരീക്ഷണങ്ങള്‍ നടത്താന്‍ വേണ്ടി വേറിട്ടൊരു ആരോഗ്യ അതോറിറ്റി തന്നെ ഉണ്ടാവേണ്ടതുണ്ട്. പൗരന്മാരെ നിരീക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്കുള്ളത്ര അവകാശം തന്നെ സര്‍ക്കാരുകളെ ഓഡിറ്റിങ്ങിനു വിധേയരാക്കാന്‍ പൗരന്മാര്‍ക്കും അവകാശമുണ്ടായിരിക്കണം.

ഏകാധിപത്യമല്ല പരിഹാരം

ഇന്ന് വല്ലാത്ത ഒരു അസുരക്ഷിതത്വം നിലനില്‍ക്കുകയാണ്. മഹാമാരി ജീവനെടുക്കുമോ എന്ന ഭയം ഒരു ഭാഗത്ത്. ലോക്ക് ഡൗണ്‍ ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം കാരണം തൊഴില്‍ നഷ്ടമുണ്ടാകുമോ എന്ന ആശങ്ക മറ്റൊരു ഭാഗത്ത്. അങ്ങനെ വരുമ്പോള്‍ പലര്‍ക്കും തോന്നും, ശക്തനായ, എല്ലാം അറിയുന്നൊരു ഭരണാധികാരി, മുന്നില്‍ നിന്ന് നയിച്ചെങ്കില്‍ നന്നായിരുന്നേനെ എന്ന്. അങ്ങനെ ഇച്ഛാശക്തിയുള്ള ഒരു നേതൃത്വത്തിനുവേണ്ടി തങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ വേണ്ടെന്നു വെക്കാന്‍ പോലും താത്കാലികമായെങ്കിലും ജനം ഈ സാഹചര്യത്തില്‍ തയ്യാറായേക്കും. ഈ ഗതികെട്ട അവസ്ഥ ഏറെ ദയനീയമാണ്. അതേ സമയം അത്യന്തം അപകടകരവുമാണത്. കാരണമെന്തെന്നാല്‍, താത്കാലികമായി നിങ്ങള്‍ പണയം വെക്കുന്ന നിങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ പിന്നീട് തിരികെ നല്‍കാനോ, നമ്മള്‍ കയറ്റി ഇരുത്തിയ സിംഹാസനങ്ങള്‍ കാലിയാക്കാനോ ഒന്നും സ്വേച്ഛാധിപതികള്‍, രോഗഭീഷണി അടങ്ങിയാലും തയ്യാറായി എന്നുവരില്ല. അവര്‍ എന്നും രാജ്യത്ത് അടിയന്തരാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കും.

പിന്നെ, രണ്ടാമത്തെ കാര്യം, മഹാമാരികളെ നേരിടുന്നകാര്യത്തില്‍ സ്വേച്ഛാധിപത്യം ജനാധിപത്യക്രമങ്ങളെക്കാള്‍ ഭേദമാണ് എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ഒരാള്‍ മാത്രമാണ് അധികാരത്തില്‍ ഉള്ളതെങ്കില്‍ തീരുമാനം വളരെ എളുപ്പത്തില്‍ എടുക്കാം എന്നത് ശരിതന്നെ. എന്നാല്‍ ആ തീരുമാനം തെറ്റാണെങ്കില്‍ അയാള്‍ അത് ഒരിക്കലും സമ്മതിക്കില്ല. തന്നെ ആ തെറ്റിന്റെ പേരില്‍ എതിര്‍ക്കുന്ന, തെറ്റ് ലോകത്തോട് വിളിച്ചു കൂവുന്ന ന്യൂനപക്ഷത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി അയാള്‍ തന്നിലേക്ക് വീണ്ടും അധികാരത്തെ കേന്ദ്രീകരിക്കും. ജനാധിപത്യങ്ങളില്‍ നിരവധി പേരുടെ ഇടപെടല്‍ ഏതൊരു തീരുമാനത്തിലും ആവശ്യമുണ്ട്. അതുകൊണ്ട് പെട്ടെന്നൊരാളുടെ തിരുമണ്ടന്‍ തീരുമാനം ഒരുകാരണവശാലും നടപ്പിലാകില്ല.

അതുകൊണ്ട് പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ജനാധിപത്യം തന്നെയാണ് ഏകാധിപത്യത്തേക്കാള്‍ മെച്ചം. ഉദാ. ചൈന ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചതിന്റെ മാതൃക പലയിടത്തും ചര്‍ച്ചക്ക് വിധേയമാക്കുന്നുണ്ട്. ചൈനയുടെ ഫലസിദ്ധിക്ക് കാരണം അവിടത്തെ ഏകാധിപത്യപരമായ ഭരണക്രമമാണ് എന്നതും എടുത്തു ഗണിക്കപ്പെടുന്നു.

മതത്തോടുള്ള ജനങ്ങളുടെ സമീപനം

മതങ്ങളോടും മതനേതാക്കളോടുമുള്ള ജനങ്ങളുടെ നിലപാടുകള്‍ മാറാന്‍ സാധ്യത കാണുന്നുണ്ട് എന്നും ഹരാരി പറഞ്ഞു. ‘ ഈ മതനേതാക്കള്‍ക്കും പുരോഹിതന്മാര്‍ക്കും മഹാമാരികളെ തടുത്തു നിര്‍ത്താനുള്ള കഴിവില്ല. ആകെയുള്ള കഴിവ് ന്യായം പറച്ചിലില്‍ മാത്രമാണ്. എന്തെങ്കിലുമൊക്കെ വാഗ്ദാനങ്ങള്‍ നല്‍കുക. അവ നിറവേറാത്ത പക്ഷം വിശ്വസനീയമായ ന്യായീകരണങ്ങള്‍ നിരത്തുക. ഇതായിരുന്നു കഴിഞ്ഞ കുറേക്കാലമായിട്ടുള്ള രീതി. ആ നേതാക്കള്‍ ഇപ്പോള്‍ കോവിഡ് വൈറസ് എങ്ങനെ പടര്‍ന്നു, എന്തുകൊണ്ട് മനുഷ്യര്‍ക്ക് ഇങ്ങനെ അസുഖങ്ങള്‍ വന്നു, ഇനിയും ഇങ്ങനെ എത്രകാലം എന്നതൊക്കെ സംബന്ധിച്ച കെട്ടുകഥകള്‍ ചമയ്ക്കുന്ന തിരക്കിലാണ്.

ഇന്ത്യയുടെ കോവിഡ് പ്രതിരോധം

ഇന്ത്യയുടെ കോവിഡ് പ്രതിരോധ നയത്തെപ്പറ്റി പറയാന്‍ ഞാനൊരു ഇന്ത്യാ വിദഗ്ദ്ധനോ, ഇവിടെ നടക്കുന്ന കാര്യങ്ങളെപ്പറ്റി അഗാധമായ അറിവുള്ളവനോ അല്ല. എന്നാലും, ഇന്ത്യാ നേരിടുന്നത് വലിയൊരു പ്രതിസന്ധിയാണ് എന്ന് ഞാന്‍ കരുതുന്നു. മുന്‍കാലങ്ങളിലെ മഹാമാരികള്‍ ഇന്ത്യയെ വല്ലാതെ വലച്ചിട്ടുള്ളവയാണ്. 1918 -ലെ സ്പാനിഷ് ഫ്‌ളൂ ഇന്ത്യയെ തുലച്ചു കളഞ്ഞ ഒന്നാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതികരണം വീണ്ടും വിധമാണോ എന്ന് പറയാനും മാത്രം വിവരങ്ങള്‍ എന്റെ പക്കലില്ല. എനിക്ക് ഇവിടത്തെ സാഹചര്യത്തെപ്പറ്റി കൃത്യമായ ധാരണയില്ല. എന്നാലും എനിക്ക് ഇവിടത്തെ ജനങ്ങളോട് പറയാനുള്ളത് ഒന്നുമാത്രമാണ്. സഹജീവികളോടുള്ള വെറുപ്പുകൊണ്ടല്ല രോഗത്തെ നേരിടേണ്ടത്. മറ്റുള്ള രാജ്യങ്ങളോടും, സ്വന്തം രാജ്യത്തെ വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയിലും ഐക്യം നിലനിര്‍ത്തിക്കൊണ്ടാണ്’

‘അടുത്തിടെ എന്റെ കണ്മുന്നില്‍ വന്ന ചില വാര്‍ത്തകള്‍ ഏറെ വിഷമിപ്പിക്കുന്നതാണ്. ചിലര്‍ ഈ മഹാമാരി ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ ഗൂഢാലോചനയാണ് എന്നമട്ടില്‍ പ്രതികരിച്ചു കാണുന്നു. വിശേഷിച്ച് മുസ്ലീംകളുടെ. കോവിഡ് ബാധ ഒരു ഭീകരാക്രണമാണ് എന്ന് വരെ പറഞ്ഞവരുണ്ട്. ആ പറയുന്നത് ശുദ്ധ ഭോഷ്‌കാണ്. അത് വളരെയധികം അപകടകരമായ ഒരു പ്രസ്താവനയാണ്. നമ്മുടെ സമൂഹത്തിന് ഇനിയും വെറുപ്പ് താങ്ങാനുള്ള ശേഷിയില്ല. നമുക്ക് ഇനിയാവശ്യം മനുഷ്യര്‍ക്കിടയിലെ ഐക്യമാണ്. സഹജീവികള്‍ക്കിടയിലെ സ്‌നേഹമാണ്. ഹരാരി പറഞ്ഞു.

Top