ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ലോക്‌സഭ പാസാക്കിയ ബില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിക്കാനിരുന്നത്. എന്നാല്‍ ബില്‍ അവതരണത്തിനെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തിയത്. ഇതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
നേരത്തെ, ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവുമായി ധാരണയിലായി ബില്‍ സുഗമമായി പാസാക്കാനാണ് ശ്രമമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ദ്കുമാര്‍ പറഞ്ഞിരുന്നു. ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികള്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കുന്ന വ്യവസ്ഥ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സ് ബില്ലിനെ പിന്തുണച്ചേക്കും. ബില്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ എല്ലാ ബി.ജെ.പി എം.പിമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.
ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ വ്യാഴാഴ്ചയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭ പാസാക്കിയ ബില്‍ അതുപോലെ തന്നെ പാസാക്കുകയെന്നത് രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാരിന് വലിയ കടമ്പയാണ്.
മുത്തലാഖ് നിരോധനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മുത്തലാഖ് ജാമ്യമില്ലാ കുറ്റമാക്കുന്നതിനോടാണു കോണ്‍ഗ്രസ്സിനു വിയോജിപ്പ്. ബില്ലിനെ എതിര്‍ക്കുന്ന മുസ്‌ലിംലീഗും ബിജെഡിയും ലോക്‌സഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.
ഇടതുപാര്‍ട്ടികള്‍, അണ്ണാഡിഎംകെ, ബിഎസ്പി, എസ്പി, ആര്‍ജെഡി, എന്‍സിപി തുടങ്ങിയ കക്ഷികള്‍ക്കും നിലവില്‍ ബില്‍ പാസാക്കുന്നതിനോട് യോജിപ്പില്ല. രാജ്യസഭയില്‍ പ്രാതിനിധ്യമുള്ള ഡിഎംകെയ്ക്കും ബില്‍ സിലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന നിലപാടാണ്.