ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. മുത്തലാഖ് നിരോധന ബില്ലാണ് അവതരിപ്പിക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്ല് പാസാക്കാനായില്ല. പ്രതിപക്ഷം യോജിച്ച് എതിര്‍ത്താല്‍ രാജ്യസഭയില്‍ മുത്തലാഖ് ബില്ല് പാസാക്കുക ഇപ്പോഴും സര്‍ക്കാരിന് വെല്ലുവിളിയാകും.
ഇന്നലെ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുത്തലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് പറഞ്ഞിരുന്നു. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ക്കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 22-ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്.
മുത്തലാഖ് നിരോധന ബില്ലിന് പുറമേ പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലായ ശബരിമല യുവതീ പ്രവേശന ബില്ലും ഇന്ന് അവതരിപ്പിക്കും.കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനാണ് സ്വകാര്യബില്ലായി യുവതി പ്രവേശനം സഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാണ്. ഇത് കൂടാതെ തൊഴിലുറപ്പ്, ഇഎസ്‌ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകള്‍ക്കും ഇന്ന് അവതരിപ്പിക്കുന്നുണ്ട്.