മുത്തലാഖ് ബില്ലില്‍ ഭരണ-പ്രതിപക്ഷ ബഹളം ; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

Rajya Sabha

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്നും മുത്തലാഖ് ബില്‍ പരിഗണിക്കാനായില്ല.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടുന്ന കാര്യം വോട്ടിനിടണമെന്ന് കോണ്‍ഗ്രസ്സ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരിനെ സഹായിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്ന് ഗുലാം നബി ആസാദ് ആരോപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയങ്ങള്‍ നിയമ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഡിസംബര്‍ 28നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ ലോക്‌സഭ പാസാക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ബില്ലാണിത്.

വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. ഇതിന് പുറമെ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Top