ന്യൂഡല്‍ഹി : മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. ശൈത്യകാല സമ്മേളനത്തില്‍ രണ്ട് ദിനം മാത്രം ബാക്കിയിരിക്കെയാണ് മുത്തലാഖ് ബില്‍ രാജ്യസഭയിലെത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമം.
പ്രതിപക്ഷ വാക്കൌട്ടിനിടയില്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്ത ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.
എന്നാല്‍ സെലക്ട് കമ്മിറ്റിക്ക് വിടാനും സര്‍ക്കാര്‍ തയ്യാറല്ല. ഇതോടെ, മുത്തലാഖ് ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം.
റഫാല്‍ വിവാദവും ഇന്ന് ലോക്‌സഭയിലെത്തും. കഴിഞ്ഞ ദിവസം റഫാല്‍ ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ അവകാശവാദം പ്രതിപക്ഷം സഭയില്‍ ചോദ്യം ചെയ്‌തേക്കും. മെഡിക്കല്‍ കൌണ്‍സില്‍ ബില്‍ ഉള്‍പ്പെടെ മറ്റ് നാല് ബില്ലുകളും ഇന്ന് രാജ്യസഭയുടെ പരിഗണനയിലുണ്ട്.