ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ നിലപാട് ആവർത്തിച്ച് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ.
മുത്തലാഖിന്റെ ഭരണഘടനാസാധുത പരിശോധിക്കുന്ന സുപ്രീം കോടതി ഭരണഘടന ബെഞ്ചിനു മുമ്പാകെ നടന്ന ആദ്യദിന വാദത്തിലാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്. മുത്തലാഖ് സ്ത്രീ സമത്വത്തിനും ലിംഗ നീതിക്കും എതിരാണെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
എന്നാൽ മുത്തലാഖ് വിശ്വാസത്തിന്റെയും, വ്യക്തി നിയമത്തിന്റെയും ഭാഗമാണെന്നും അതിലിടപെടാൻ കോടതിക്ക് അധികാരമില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. എല്ലാ വ്യക്തി നിയമങ്ങളും കേന്ദ്രത്തിന്റെ ചട്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അതിൽ മാറ്റം വരുത്തേണ്ടത് പാർലമെന്റാണെന്നും സിബൽ കോടതിയെ അറിയിച്ചു.
വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ വിശദവാദം അറ്റോർണി ജനറൽ മുകുൾ റോഹ്ത്തകി ഈ മാസം 15ന് നടത്തും. തുടർച്ചയായ ആറ് ദിവസത്തെ വാദത്തിനുശേഷം കോടതി വിധി പ്രഖ്യാപിക്കും.