മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, താല്‍ക്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയത്. 11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 വേറെ ജീവനക്കാരാണ് പണിമുടക്ക് സമരം നടത്തിയിരുന്നത്.

സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ബ്രാഞ്ചുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Top