മുത്തൂറ്റ്; ഹൈക്കോടതി വിളിച്ച ഒത്തു തീര്‍പ്പ് ചര്‍ച്ച പരാജയം

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കോടതി വിളിച്ച് ചേര്‍ത്ത ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. പിരിച്ചു വിട്ട സിഐടിയു പ്രവര്‍ത്തകരെ തിരിച്ചെടുക്കാന്‍ ആകില്ലെന്ന് മാനേജ്‌മെന്റ് നിലപാട് എടുത്തതോടെ ആണ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി ലേബര്‍ കമ്മീഷ്ണര്‍ക്ക് മുത്തൂറ്റ് മാനേജ്‌മെന്റ് കത്ത് നല്‍കി. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ചര്‍ച്ച.

മാനേജ്‌മെന്റ് കോടതി നിര്‍ദ്ദേശം പോലും അട്ടിമറിക്കുകയാണെന്നും സമരം ശക്തമാക്കുമെന്നും സിഐടിയു നേതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധ സൂചകമായി ഈ മാസം ഒമ്പതിന് മുത്തൂറ്റ് എം ഡി യുടെ വീട്ടിലേക്ക് മാര്‍ച്ചു നടത്താനും സിഐടിയു തീരുമാനിച്ചു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുമെന്നും എംഡി അടക്കമുള്ളവരോട് 19ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുമെന്നും ലേബര്‍ കമ്മീഷണര്‍ തൊഴിലാളി നേതാക്കളെ അറിയിച്ചു.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നാലാം തവണയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. മുത്തൂറ്റ് ഫിനാന്‍സിന്റെ 43 ശാഖകള്‍ പൂട്ടുകയും 167 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തതിന് എതിരെയാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയപ്പോഴുമുള്ള മാനേജ്മെന്റിന്റെ കടുംപിടിത്തം ഇപ്പോഴും തുടരുകയാണ്.

Top