ഇന്‍ഫോപാര്‍ക്കില്‍ മുത്തൂറ്റ് ഗ്രൂപ്പ് 9.37 ഏക്കര്‍ സ്ഥലത്ത് ഐടിപാര്‍ക്ക് വികസിപ്പിക്കും. ഇതു സംബന്ധിച്ച കരാറില്‍ മുത്തൂറ്റ് ഗ്രൂപ്പും ഇന്‍ഫോപാര്‍ക്കും ഒപ്പു വച്ചു.
മുഖ്യമന്ത്രിയും ഐടി മന്ത്രിയുമായ പിണറായി വിജയന്റെ ഓഫീസില്‍ ഇന്‍ഫോപാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഋഷികേശ് നായരും മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറായ ജോര്‍ജ് അലക്‌സാണ്ടറും ഇതിനായുള്ള ഉടമ്പടി കൈമാറി. ഐടി സെക്രട്ടറി എം. ശിവശങ്കര്‍ സന്നിഹിതനായിരുന്നു.
പണി പൂര്‍ത്തിയാകുമ്പോള്‍ 8,000 പേര്‍ക്കു തൊഴില്‍ ലഭിക്കും. നാനൂറ്റിയമ്പതു കോടി രൂപയാണ് പദ്ധതിക്കു മുതല്‍ മുടക്കുക. 2020തോടെ പ്രവര്‍ത്തനം ആരംഭിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ അറിയിച്ചു.
തുടക്ക കമ്പനികളെ പ്രോത്സാഹിപ്പിക്കാനായി പാര്‍ക്കില്‍ ഇന്‍കുബേഷന്‍ കേന്ദ്രം സ്ഥാപിക്കും. ഫുഡ്‌കോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജേക്കബ്, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ്, ഇന്‍ഫോപാര്‍ക്ക് മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ രാജീവന്‍ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.