മുത്തൂറ്റ് എം.ഡിക്ക് നേരെയുണ്ടായ കല്ലേറ്; പ്രതികരണവുമായി ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുത്തൂറ്റ് എംഡിക്കു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍. അക്രമത്തിന് പിന്നില്‍ തൊഴിലാളികളാണെന്ന് കരുതുന്നില്ലെന്നും തൊഴിലാളി സമരം സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും മാനേജ്‌മെന്റ് തയ്യാറായില്ല. അതിനാല്‍ സമരവുമായി ബന്ധപ്പെട്ട് പ്രകോപനമുണ്ടാക്കിയത് മാനേജ്‌മെന്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൊഴിവകുപ്പ് പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുമെന്നും അക്രമം നിക്ഷേപകരെ അകറ്റില്ലെന്നും കേരളത്തിലേക്ക് വരുന്ന നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നതല്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് കല്ലേറില്‍ മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്‌സാണ്ടറിന് നേര്‍ക്ക്‌ കല്ലേറുണ്ടായത്‌. കഴിഞ്ഞ ദിവസം പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്സാണ്ടര്‍ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഈ അക്രമം എന്ന് കരുതുന്നു.

166 ജീവനക്കാരെയാണ് ഒറ്റയടിക്ക് കമ്പനി പിരിച്ചുവിട്ടത്. ഇവരില്‍ യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരുണ്ട്. തുടര്‍ന്ന് ബുധനാഴ്ച മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരം നടത്തിവരുകയായിരുന്നു. ‘കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകള്‍ പൂട്ടാനും 166 പേരെ പിരിച്ചുവിടാനും തീരുമാനിച്ചത്’. സമരം ചെയ്യുന്നവര്‍ വേണമെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞിരുന്നു.

എന്നാല്‍ മുത്തൂറ്റിന്റെ എറണാകുളത്തെ ഹെഡ് ഓഫീസില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ച മാനേജ്മെന്റ് വിഭാഗത്തില്‍പെട്ട ജീവനക്കാരെ സമരം ചെയ്യുന്ന ജീവനക്കാര്‍ തടഞ്ഞു.

മുത്തൂറ്റിന്റെ മാനേജ്മെന്റുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള വേതനം ജീവനക്കാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു സിഐടിയു ആഗസ്റ്റ് 20 മുതല്‍ സമരം നടത്തിയത്. എന്നാല്‍ ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് ചര്‍ച്ച നടത്തുകയും ശമ്പള വര്‍ധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ പത്തിന് സമരം അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ഇമെയില്‍ വഴി നല്‍കി. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടില്‍ നല്‍കുകയും ചെയ്തു. 611 ശാഖകളിലും 11 റീജണല്‍ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.

Top