സുല്‍ത്താന്‍ ബത്തേരി: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് 29 പേരെ ഒഴിവാക്കി. ആദിവാസികളെയും കര്‍ഷകരെയുമാണ് ഒഴിവാക്കിയത്. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം കേസിലെ പ്രതികളെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 29 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 20 പേര്‍ എസ്ടി വിഭാഗത്തില്‍പ്പെടുന്നവരും 9 പേര്‍ കര്‍ഷകരുമാണ്. അതേസമയം സിന്ധു, അജി എന്നീ റവന്യൂ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാനുള്ള അനുമതി തേടിക്കൊണ്ടാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടവരെ കബളിപ്പിച്ചാണ് മുഖ്യപ്രതികള്‍ മരംകൊള്ള നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. റോജി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരാണ് മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതികള്‍. ഇവരടക്കം ആറു പേരാണ് മരംമുറിക്കല്‍ കേസില്‍ ഇതിനോടകം അറസ്റ്റിലായത്.
അതിനിടെ മരംമുറിക്കല്‍ കേസില്‍ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തു. കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റിയതില്‍ ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.