പ്രായപൂർത്തിയാവാത്ത കമിതാക്കൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിൽ പോക്‌സോ കേസ് നിലനിൽക്കില്ല: ഹൈക്കോടതി

ഷില്ലോങ്: പ്രായപൂര്‍ത്തിയാവാത്ത കമിതാക്കള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തില്‍ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്ന് മേഘാലയ ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം കണക്കിലെടുക്കാനാവില്ലെങ്കിലും ഇരുവരും തമ്മിലുള്ള ഇഷ്ടവും താത്പര്യവും പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാവാത്ത കമിതാക്കള്‍ തമ്മിലുള്ള ശാരീരിക ബന്ധം, പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് ഡബ്ല്യൂ ഡീങ്‌ദോ വിധിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം സമ്മതമായി എടുക്കാനാവില്ല. എന്നാല്‍ ഓരോ കേസും അതിന്റെ സവിശേഷതയില്‍ പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ കൗമാരക്കാരനും പെണ്‍കുട്ടിയുടെ അമ്മയും സംയുക്തമായി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അധ്യാപികയ്‌ക്കൊപ്പം താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി കൂട്ടുകാരനൊപ്പമായിരുന്നെന്നും ഇരുവരും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായെന്നും കണ്ടെത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ കൂട്ടുകാരന്‍ പത്തു മാസത്തോളം ജയിലില്‍ കഴിയുകയും ചെയ്തു.

കൂട്ടുകാരനുമായി ഉണ്ടായത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആയിരുന്നെന്നും സ്വന്തം ഇച്ഛയോടെയാണ് അതു ചെയ്തതെന്നും മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി വ്യക്തമാക്കി.

Top