സെപ്റ്റംബര്‍ മാസത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മാസത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. കനത്ത വില്‍പ്പന സമ്മര്‍ദം മൂലം ഓഹരി വിപണിയില്‍ തിരുത്തലുണ്ടായതാണ് ഫണ്ടുകളുടെ എന്‍ എ വിയെ ബാധിച്ചത്.

അസംസ്‌കൃത എണ്ണ വില നാലുവര്‍ഷത്തെ ഉയരത്തിലെത്തിയും, രൂപയുടെ വിനിമയ മൂല്യത്തിലെ ഇടിവും ബോണ്ടിന്റെ ആദായം ഉയര്‍ന്നതുമൊക്കെയാണ് വിപണിയെ ബാധിച്ചത്.

31 മാസത്തിനിടെ ഇതാദ്യമായാണ് നിഫ്റ്റി നിര്‍ണായകമായ തിരുത്തല്‍ നേരിടുന്നത്. ആറ് ശതമാനത്തിലേറെയാണ് നിഫ്റ്റി താഴ്ന്നത്. മ്യൂച്വല്‍ ഫണ്ട് വിഭാഗത്തില്‍ ബാങ്കിങ് കാറ്റഗറിയാണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. 13.37 ശതമാനമാണ് നഷ്ടമുണ്ടായത്.

സ്‌മോള്‍ ക്യാപ് 12.19 ശതമാനവും, മിഡ് ക്യാപ് 11.37 ശതമാനവും, ലാര്‍ജ് ആന്റ് മിഡ് ക്യാപ്, മള്‍ട്ടിക്യാപ്, ടാക്‌സ് സേവിങ്, വാല്യൂ ഓറിയന്റ്ഡ്, ലാര്‍ജ് ക്യാപ്, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഫണ്ടുകള്‍ നാലുമുതല്‍ 10 ശതമാനം വരെ ഇടിവു നേരിട്ടു.

ഫണ്ടുകളുടെ വിഭാഗത്തില്‍ ആദിത്യ ബിര്‍ള സണ്‍ലൈഫ് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഫണ്ടാണ് സെപ്റ്റംബറില്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. 17 ശതമാനമാണ് നഷ്ടം നേരിട്ടത്. എല്‍ ഐ സി എം എഫ് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഫണ്ട്, റിലയന്‍സ് ബാങ്കിങ് ഫണ്ട് തുടങ്ങിയവ സെപ്റ്റംബറില്‍ 15 ശതമാനവും താഴ്ന്നു.

Top