പ്രണയം നടിച്ച് പീഡിപ്പിച്ച് മതം മാറ്റാന്‍ ശ്രമം; പ്രതി പിടിയില്‍

മൂവാറ്റുപുഴ: പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം മതം മാറാനാവശ്യപ്പെട്ടെന്ന പരാതിയില്‍ ഒരാള്‍ പിടിയില്‍. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ ട്രാവല്‍ ഏജന്‍സി നടത്തിവരുന്ന പേഴക്കാപ്പിള്ളി കുളക്കാടന്‍കുഴിയില്‍ അലിയാര്‍ (അലി-49) ആണ് പിടിയിലായത്.

ഇന്നലെ ഉച്ചയോടെ പെരുമ്പാവൂരില്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18-ന് ഇയാള്‍ക്കെതിരേ കാഞ്ഞാര്‍ സ്വദേശിനിയായ 24കാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ ഏപ്രിലില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കെത്തിയ തന്നെ ഒന്നര വര്‍ഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂരു, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പിന്നീട് മതം മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇതിനെത്തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ചു.

ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മാത്രമല്ല മതം മാറിയാല്‍ സ്ഥാപന ഉടമ സാമ്പത്തിക സഹായവും സഹോദരിക്ക് വിദേശത്ത് ജോലിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും യുവതി പറയുന്നു.

ഇയാളെ പൊലീസ് തെളിവെടുപ്പിനായി വാഗമണ്ണിലേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി തുടര്‍ തെളിവെടുപ്പുകള്‍ നടത്തും.

Top