പാട്‌ന : മുസാഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ പീഡന കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി ബി ഐക്ക് രണ്ടാഴ്ചത്തെ സമയം നല്‍കി പാട്‌ന ഹൈക്കോടതി. കേസിന്റെ അന്വേഷണ ചുമതല സി ബി ഐ ഏറ്റെടുത്തതിനു പിന്നാലെയാണ് കോടതി സമയം നല്‍കിയിരിക്കുന്നത്.
അഭയാര്‍ഥി ക്യാമ്പിലെ ആളുകളെ പുനരധിവസിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാനും കോടതി ബീഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേക കോടതിയില്‍ കേസിന്റെ വാദം നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും അത് എത്രയും പെട്ടെന്നാവണമെന്ന ആവശ്യവും കോടതി അംഗീകരിച്ചതായും പാട്‌ന ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ലളിത് കിഷോര്‍ പറഞ്ഞു.
ഏഴുവയസുള്ള കുട്ടിയുള്‍പ്പെടെ 33 പെണ്‍കുട്ടികളാണ് മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ പീഡനത്തിന് ഇരയായതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.
ബീഹാര്‍ സര്‍ക്കാരിന് കീഴിലുള്ള മുസാഫര്‍പൂര്‍ ബാലികാഗൃഹത്തിലെ കുട്ടികള്‍ക്ക് ഒരു സന്നദ്ധസംഘടന നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് പ്രതികള്‍.
അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ ഒരുപെണ്‍കുട്ടിയെ ജീവനക്കാര്‍ കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായ മഞ്ജു വേര്‍മയുടെ ഭര്‍ത്താവായ ചന്ദേശ്വര്‍ വേര്‍മയ്‌ക്കെതിരെയും ആരോപണമുണ്ട്. കേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ബാലികാഗൃഹത്തില്‍ ആകെ നാല്‍പ്പത്തിനാല് പെണ്‍കുട്ടികളാണുണ്ടായിരുന്നത്. കേസില്‍ പ്രതികളായ പതിനൊന്ന് പേരില്‍ പത്ത് പേരെയും ഇതിനൊടകംതന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം കഴിഞ്ഞദിവസം സിബിഐക്ക് കൈമാറിയിരുന്നു.