പാറ്റ്‌ന: മുസഫര്‍പൂരില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സര്‍ക്കാര്‍ അഭയകേന്ദ്രം പെണ്‍വാണിഭ കേന്ദ്രമായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇവിടെ 30 പെണ്‍ക്കുട്ടികളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ മുഖ്യപ്രതി ബ്രിജേഷ് താക്കുര്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കു നീളുന്ന വാണിഭത്തിനാണ് നേതൃത്വം നല്‍കിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാരില്‍ നിന്നു ഫണ്ടുകളും സേവനങ്ങളും ലഭിക്കുന്നിനായും ഇയാള്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ഉപയോഗിച്ചിരുന്നു.
താക്കൂറിന്റെ നിയന്ത്രണത്തില്‍ വേറെയും എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സിബിഐ കണ്ടെത്തിയത്. പെണ്‍കുട്ടികളെ ഉന്നതര്‍ക്കു കാഴ്ചവെച്ചാണ് താക്കൂര്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ തനിക്കുള്ള ബന്ധങ്ങളും ഇക്കാലത്ത് ഇയാള്‍ ഉപയോഗപ്പെടുത്തിയിരുന്നു. മുസഫര്‍പൂരിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയായ സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.