അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം വ്യക്തമാകുന്ന സമീപനം;എം വി ഗോവിന്ദന്‍

തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം വ്യക്തമാകുന്ന സമീപനമാണെന്ന് എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. വിശ്വാസം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം അയോധ്യയില്‍ നടപ്പാകുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പണി പൂര്‍ത്തിയാവുന്നതിന് മുന്നേ ഉദ്ഘാടനം നടത്തുന്നു. ലക്ഷ്യം വര്‍ഗ്ഗീയ ധ്രുവീകരണമാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി ക്ഷണം കിട്ടിയ ഉടന്‍ അത് നിരസിച്ചു. മതനിരപേക്ഷത പറയുന്ന കോണ്‍ഗ്രസിന് എന്ത് കൊണ്ട് അതില്‍ ഉറച്ചു നില്‍ക്കാനാവുന്നില്ലെന്നും ഗോവിന്ദന്‍ ചോദിച്ചു. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് പരാജയത്തില്‍ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് ജനം തള്ളിക്കളഞ്ഞു എന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് തന്നെ തെളിയിച്ചതാണ്. കോണ്‍ഗ്രസ് ശരിയായ നിലപാട് സ്വീകരിക്കണമെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

വിദേശനയത്തിലെ ഇന്ത്യയുടെ പാരമ്പര്യത്തെയും കോണ്‍ഗ്രസ് പിന്തുടരണം. വ്യക്തമായ നിലപാട് ഉണ്ടെങ്കിലേ മുന്നോട്ട് പോകാനാകൂ. അടിസ്ഥാനപരമായ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്ന കോണ്‍ഗ്രസ് നയം ആപത്കരമാണ്. തീവ്രവാദികള്‍ക്കും വര്‍ഗീയവാദികള്‍ക്കും വിശ്വാസമില്ല. വിശ്വാസത്തിന്റെ പേര് പറഞ്ഞു നടക്കുന്നവര്‍ക്ക് വിശ്വാസം ഇല്ല. അവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. കോണ്‍ഗ്രസിന് അകത്ത് തന്നെ പ്രശ്‌നം ഉണ്ട്. പോകരുത് എന്നും പോകണം എന്നും നിലപാട് ഉണ്ട്. അതേ സമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ക്ഷണം എന്ന് തിരിച്ചറിയുന്നവരും കോണ്‍ഗ്രസില്‍ ഉണ്ട്. ഈ നിലപാടുമായി കോണ്‍ഗ്രസ് മുന്നോട്ട് പോയാല്‍ ഇന്ത്യ മുന്നണിക്ക് പ്രയാസമാകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ മാറാന്‍ സാധ്യത ഇല്ലെന്നും പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഗോവിന്ദന്‍ വിശദമാക്കി. അയോധ്യ വിഷയത്തിലെ ലീഗ് നിലപാട് മുന്നണിയുടെ ഭാഗമായത് കൊണ്ടാകാമെന്നും എം ഗോവിന്ദന്‍ പറഞ്ഞു. ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോഴും ലീഗ് സ്വീകരിച്ചത് സമാന നിലപാടാണ്. അത്തരം നില്‍പാടുകള്‍ ലീഗിനെ ദുര്‍ബലപ്പെടുത്തും. ഇതില്‍ ലീഗിന് ഉള്ളില്‍ ഉള്ളവര്‍ക്കും ഒപ്പം നില്‍ക്കുന്ന സംഘടനകള്‍ക്കും എതിര്‍പ്പ് ഉണ്ടെന്നും എം വി ഗോവിന്ദന്‍ വിശദമാക്കി.

Top