പുതുപ്പള്ളിയില്‍ വികസനം തന്നെ ചര്‍ച്ച ചെയ്യുമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

മണര്‍കാട് : പുതുപ്പള്ളിയില്‍ വികസനം തന്നെ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മണര്‍കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിയില്‍ 21 കേന്ദ്രങ്ങളില്‍ ഫലപ്രദമായ വികസന ചര്‍ച്ചകള്‍ നടക്കും. ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടപടികള്‍ സ്വീകരിക്കും.

പുതുപ്പള്ളിയെ വികസനരംഗത്ത് മറ്റ് മണ്ഡലങ്ങളേക്കാള്‍ മെച്ചപ്പെട്ടസ്ഥിതിയിലെത്തിക്കാന്‍ ജെയ്ക്കിനാവും. ഇപ്പോള്‍ കേരളത്തിന്റെ പൊതുവികസനത്തിനൊപ്പം പുതുപ്പള്ളിയെത്തിയിട്ടില്ലെന്നത് വസ്തുതയാണ്. ഇതു ഞങ്ങള്‍ പറഞ്ഞപ്പോള്‍ കണ്ണൂരെ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യാമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ധര്‍മ്മടം ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ വഴുതിമാറി. വികസന വിരുദ്ധതയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ മുഖമുദ്ര. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ആര്‍എഎസി നും ബിജെപിക്കുമെതിരെ ഒരക്ഷരം ഉരിയാടാന്‍ ഇവര്‍ക്കായിട്ടില്ല. ഇന്ത്യയിലെവിടെയുംഏതുസമയത്തും കലാപം നടക്കാവുന്ന അവസ്ഥയാണിപ്പോളുള്ളത്. മണിപ്പൂരിലെ കലാപം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ്. രാജ്യത്ത് എവിടെയും ഈയവസ്ഥ എപ്പോള്‍ വേണമെങ്കിലുമുണ്ടാവാം. മതനിരപേക്ഷരതയുടെ നാടായ കേരളവും ഇതിനെിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ മാറ്റം ഉറപ്പാക്കുന്ന തരത്തില്‍ ആയിരങ്ങളാണ് കണ്‍വെന്‍ഷനില്‍ എത്തിച്ചേര്‍ന്നത്. സിപിഐ ജില്ലാ സെക്രട്ടറി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എംപി, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ,മന്ത്രിമാരായ വിഎന്‍ വാസവന്‍ , എകെ ശശീന്ദ്രന്‍, പി പ്രസാദ്, എല്‍ഡിഎഫ് നേതാക്കളായ മാത്യൂ ടി തോമസ് എംഎല്‍എ, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, പ്രൊഫ എന്‍ ജയരാജ് എംഎല്‍എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, സികെ ആശ എംഎല്‍എ, സികെ ജയലാല്‍ എംഎല്‍എ, കെസി ജോസഫ്, വെെക്കം വിശ്വന്‍, കെ ജെ തോമസ് ,കാസിം ഇരിക്കൂര്‍, എവി റസ്സല്‍, അഡ്വ കെ അനില്‍കുമാര്‍, കെഎം രാധാകൃഷ്ണന്‍, അഡ്വ. കെ സുരേഷ് കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

Top