“എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്‌ലിന് ആകണമെങ്കിൽ ഒന്നാം ലാവ്‌ലിൻ എന്തെങ്കിലും ആകണ്ടേ?” എം വി ഗോവിന്ദൻ

ദില്ലി : രണ്ടാം എസ്എൻസി ലാവ്‌ലിനാണ് എഐ ക്യാമറ അഴിമതിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്‌ലിന് ആകണമെങ്കിൽ ഒന്നാം ലാവ്‌ലിൻ എന്തെങ്കിലും ആകണ്ടേ? ഒന്നാം ലാവലിന് എന്ത് സംഭവിച്ചു? അതിന് സതീശൻ മറുപടി പറയട്ടെ എന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു.

ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്തത് എന്തെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. എല്ലാ കരാറും പരിശോധിക്കട്ടെ, ഒന്നും മറച്ചുവയ്ക്കാനില്ല. സിപിഎമ്മിന് അഴിമതി നടത്തേണ്ട ആവശ്യമില്ല. ആരെയും അഴിമതി നടത്താൻ അനുവദിക്കുകയുമില്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

എഐ ക്യാമറ കരാർ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യു‍ഡിഎഫ് ഉന്നയിക്കുന്ന ആവശ്യം. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തിയിരുന്നു. സ്രിറ്റ് എന്ന കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചോ​ദിച്ച പ്രതിപക്ഷ നേതാവ് കൺസ്ട്രക്ഷൻ കമ്പനി എങ്ങനെ യോഗ്യത നേടിയെന്നതടക്കം ഏഴ് ചോദ്യം ഉയർത്തി.

‘മൂന്ന് കമ്പനികളെയാണ് ടെണ്ടറിലേക്ക് സെലക്ട് ചെയ്തത്. അതിൽ ആദ്യത്തേത്ത് സ്രിറ്റ് എന്ന കമ്പനിയാണ്. രണ്ടാമത് അശോക ബിൽകോൺ ലിമിറ്റഡ് പാലം നിർമ്മിക്കുന്ന കമ്പനിയാണ്. ആ കമ്പനിയെങ്ങനെ ടെക്നിക്കലി സെലക്ടായെന്നതിൽ വ്യക്തതയില്ല. ഇതിൽ അന്വേഷണം വേണം. പത്ത് വർഷത്തെ പ്രവർത്തിപരിചയമുള്ള കമ്പനികൾ മാത്രമേ ടെണ്ടറിൽ പങ്കെടുക്കാൻ പാടുള്ളൂവെന്നാണ് കെൽട്രോണിന്റെ നിബന്ധനകളിലുള്ളത്. മൂന്നാമത്തെ കമ്പനി അക്ഷര എന്റർപ്രൈസസെന്ന കമ്പനി 2017 ൽ മാത്രം രൂപീകൃതമായ കമ്പനിയാണ്. അവരെങ്ങനെ സെലക്ടായെന്ന് വ്യക്തമാക്കണമെന്നതടക്കമുള്ള വി ഡി സതീശന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എം വി ​ഗോവിന്ദൻ.

Top