തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.ടി.പി കേസിലെ ഹൈക്കോടതി വിധി സിപിഎം നിലപാട് ശരിവെക്കുന്നതാണെന്നും ഇക്കാര്യം കോടതി ഉറപ്പിച്ചുപറയുകയാണെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍വെച്ച് പി.മോഹനന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ടി.പി വധത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം വ്യാജമാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. വ്യാജ ഗൂഢാലോചന കെട്ടിച്ചമച്ച ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കേസില്‍ പി.മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വര്‍ഷങ്ങളോളം ജയിലില്‍ അടച്ചു. പാര്‍ട്ടിയേയും നേതാക്കളെയും പ്രതിയാക്കി കൈകാര്യം ചെയ്യുകയാണ് യുഡിഎഫ് ചെയ്തത്. എന്നാല്‍, കേസില്‍ ഒരുതരത്തിലും പങ്കില്ലെന്ന കൃത്യമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്.
ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും. ഷാജി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. എന്തു തോന്നിവാസവും പറയാമെന്നാണ് ധരിച്ചിരിക്കുന്നത്. കുഞ്ഞനന്തന്റെ മകള്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
തദ്ദേശസ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള വിധി അനുകൂലമാണെന്നും മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തദ്ദേശ ഉപതിരഞ്ഞെടുപ്പിന്റെ പൂര്‍ണഫലം പുറത്തുവരുമ്പോള്‍ മികച്ചനേട്ടം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ നടക്കുന്ന കടന്നാക്രമങ്ങളെ ജനങ്ങള്‍ നേരിടുമെന്ന് തെളിയിക്കുന്നത് ഇത്തരം ഫലങ്ങളാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ മായിക്കാന്‍ ഒരുശക്തിയ്ക്കും കഴിയില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം 27-നാണ് നടക്കുകയെന്നും അതിനുമുന്‍പ് ഒന്നും പറയാന്‍ കഴിയില്ലെന്നും എം.വി.ഗോവിന്ദന്‍ അറിയിച്ചു.