‘രാഷ്ട്രീയ പകപോക്കല്‍,കേന്ദ്ര അന്വേഷണം മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട്’; എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസ് നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഉറച്ച നിലപാട് കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ല. ഇടതുപക്ഷം പാര്‍ട്ടികള്‍ കൃത്യമായ നിലപാട് സ്വീകരിച്ചു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞബദ്ധരാണ്. രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്താന്‍ബിജെപി തീരുമാനിക്കുന്നത്. രാഷ്ട്രീയമാണ് പിന്നിലെന്നും ബിജെപിയുടെത് വര്‍ഗീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ് വന്‍ വിജയമായിത്തീര്‍ന്നു. അപേക്ഷകള്‍ പരിശോധിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. പ്രശ്‌നപരിഹാരത്തിന് പുതിയ ശ്യംഖല തീര്‍ത്തിട്ടുണ്ട്. യു ഡി എഫിന്റെ ബദല്‍ പരിപാടി ജനങ്ങളില്ലാതെ ശുഷ്‌കമായി. രാഷ്ട്രീയമായി പ്രതിപക്ഷത്തിന് സമനില തെറ്റിയിരിക്കുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതികരണത്തില്‍ പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു.

എക്‌സലോജികില്‍ അന്വേഷണം നടക്കട്ടെ, ആര്‍ക്കാ പ്രയാസം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്, ഭയപ്പെടുന്നില്ല. അന്വേഷണം കഴിഞ്ഞ ശേഷം കൂടുതല്‍ പറയാം. പിണറായി വിജയന്റെ മകള്‍ എന്ന നിലയിലാണ് കേന്ദ്രം അന്വേഷിക്കുന്നത്. സര്‍ക്കാരല്ലേ അന്വേഷിക്കുന്നത്,ഞങ്ങള്‍ക്ക് ബേജാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹിത്യകാരന്മാര്‍ ഉള്‍പ്പെടെ ഉന്നയിക്കുന്ന വിമര്‍ശനത്തെ കാതു കൂര്‍പിച്ച് കേള്‍ക്കും. ക്രിയാത്മകമായി പരിശോധിക്കും. മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും.ആരുടേയും വിമര്‍ശനത്തേയും ശരിയായ രീതിയില്‍ കാണും. പാര്‍ട്ടിക്ക് അകത്തു തന്നെ തെറ്റുതിരുത്തല്‍ നടക്കുന്നു. വ്യക്തിപൂജ അംഗീകരിക്കുന്ന പാര്‍ട്ടി അല്ല സി.പി.ഐ എം. എം.ടി ആദ്യം ഇക്കാര്യം എഴുതുമ്പോള്‍ എ.കെ.ആന്റണി ആയിരുന്നു മുഖ്യമന്ത്രി. എം.ടി പറഞ്ഞത് പതിറ്റാണ്ടു കഴിഞ്ഞാലും പ്രസക്തമാണെന്നും ആം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Top