ആഢംബര ബസ് അല്ല; മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സഞ്ചരിച്ച വണ്ടിക്ക് മൂല്യം കൂടുമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്കിടയിലും നവകേരള സദസ്സിന് ഉപയോഗിക്കുന്നത് ആഢംബര ബസ് അല്ലെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സാധാരണ കെഎസ്ആര്‍ടിസിയല്ല. നവകേരള സദസ്സിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള ബസ്സാണ്. നവ കേരള സദസ്സിന് ഉപയോഗിക്കുന്നതിലൂടെ ആ ബസ്സിന്റെ മൂല്യം കൂടും. പരിപാടി കഴിഞ്ഞാല്‍ ബസ് അവര്‍ എങ്ങോട്ടും കൊണ്ടുപോകില്ല എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആക്ഷേപങ്ങള്‍ പലതും ഉയരും. എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ നാളെ മുതല്‍ ബസ്സിന്റെ യാത്ര തുടരും. അതിന്റെ വിലയും മൂല്യവുമെല്ലാം പരമസത്യമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സഞ്ചരിച്ച വാഹനത്തിന് ഭാവിയില്‍ മൂല്യം കൂടും. ഒരു സംശയവുമില്ല. നല്ല രീതിയില്‍ കേരളത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.’ എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം നവകേരള സദസിനുള്ള ബസിന്റെ നിര്‍മാണം പൂര്‍ത്തിയായി. ബെംഗളൂരുവിലെ മണ്ഡ്യയിലെ ഫാക്ടറിയിലാണ് ആഢംബര ബസ് നിര്‍മ്മിച്ചത്. ബസ് ലാല്‍ബാഗിലെ എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സില്‍ എത്തിച്ചു. ഉടന്‍ ബസ് കേരളത്തിലേക്ക് പുറപ്പെടും. നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബസ് നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു.

Top