വീണയുടെ വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ല;എം വി ഗോവിന്ദന്‍

പത്തനംതിട്ട: വീണാ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യാത്ത കര്‍ണാടക ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീണ വിജയന്റെ വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അത് അവരുടെ കമ്പനി കൈകാര്യം ചെയ്തോളുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇത്തരം ആരോപണങ്ങളെന്ന് താന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.പിണറായിയുമായി ബന്ധപ്പെട്ട വിഷയത്തിലേ താന്‍ മുമ്പ് മറുപടി നല്‍കിയിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഒറ്റ വരി വിധിയാണ് പുറപ്പെടുവിച്ചത്. ‘ഹര്‍ജി തള്ളുന്നു, നാളെ രാവിലെ 10.30ന് വിശദമായ വിധിപ്പകര്‍പ്പ് നല്‍കാം’ എന്നാണ് കോടതി പറഞ്ഞത്.

കമ്പനി നിയമത്തിലെ 21ആം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നുവെന്നായിരുന്നു എക്‌സാലോജികിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്എഫ്‌ഐഒ അന്വേഷണം. അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമാണ് എസ്എഫ്‌ഐഒ അന്വേഷണം അനിവാര്യം. രണ്ട് കമ്പനികള്‍ സോഫ്റ്റ് വെയര്‍ കൈമാറ്റം നടത്തിയതിന് എസ്എഫ്‌ഐഒ അന്വേഷണം ആനുപാതികമല്ലെന്നുമായിരുന്നു എക്‌സാലോജികിന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാ ലോജിക് കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി ദത്തര്‍ ആണ് ഹാജരായത്.

Top