വയനാട്: സി.പി.എം രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ ചിലയിടങ്ങളില്‍ തെറ്റായ പ്രവണതകള്‍ തലപൊക്കിയതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ‘ജനങ്ങള്‍ക്ക് പൊറുക്കാന്‍ സാധിക്കാത്ത കാര്യങ്ങളുണ്ടാവരുത്, തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ സാധിക്കണം” – മേപ്പാടിയില്‍ പി.എ. മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഞാനാണ് കമ്യൂണിസ്റ്റ് എന്നൊരു തോന്നല്‍ പലര്‍ക്കും വരാം. ഞാനല്ല കമ്യൂണിസ്റ്റ് എന്ന ബോധം എല്ലാവര്‍ക്കും വേണം. വ്യക്തിയെക്കാളും വലുത് പാര്‍ട്ടിയാണ്. ഒരുപാട് വ്യക്തികള്‍ നടത്തിയ പോരാട്ടങ്ങളുടെയും സമരങ്ങളുടെയും സഹനത്തിന്റെയും ഫലമാണ് ഇന്നത്തെ സി.പി.എം. -സംസ്ഥാന സെക്രട്ടറി പറഞ്ഞു.രണ്ടാമതും അധികാരം കിട്ടിയപ്പോള്‍ തെറ്റായ പ്രവണതകള്‍ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. മുതലാളിത്ത-ഫ്യൂഡല്‍ ജീര്‍ണതകള്‍ ബാധിക്കാതിരിക്കാന്‍ നല്ല രാഷ്ട്രീയ ധാരണയോടെയും സംഘടനാ ബോധത്തോടെയും പ്രവര്‍ത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെയും നാടിന്റെയും ഭൂതകാല ഉല്‍പന്നമാണു നമ്മളെല്ലാം. ഈ ഭൂതകാലത്തെ സ്മരിക്കാതെ മുന്നോട്ടുപോകാനാകില്ല. പാര്‍ട്ടിക്കായി എത്രയോ സഖാക്കള്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇപ്പോഴും ജീവച്ഛവങ്ങളായി കഴിയുന്നവരുണ്ട്. ഇവരെല്ലാം നടത്തിയ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ഉല്‍പന്നമാണു ഞാനും നിങ്ങളും.ശരിയായ ദിശയിലാണു പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്ന ഉറപ്പുണ്ടാകണം. അതിനു ഭൂതകാലത്തിന്റെ അനുഭവം നമ്മള്‍ ഉള്‍ക്കൊള്ളണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.