തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ എന്തിനാണ് രാജിവയ്ക്കേണ്ടതെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദന്‍. കേസ് വന്നാലും ജലീല്‍ രാജി വയ്ക്കേണ്ടതില്ലെന്നും മന്ത്രി സുതാര്യത പുലര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ എന്‍ഐഎ അന്വേഷണം തുടരട്ടെ. പരിപക്വമായ സാഹചര്യം വരുമ്പോള്‍ പരിപക്വമായി പ്രതികരിക്കും. ഇപ്പോള്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ല. ഈ കേസില്‍ ഒന്നാം പ്രതിയാകേണ്ടത് വി. മുരളീധരനാണ്. ഇപ്പോഴും അയാള്‍ പറയുന്നത് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ലഗേജ് അല്ലെന്നാണ്. രണ്ടാമത്തെ ആള്‍ അനില്‍ നമ്പ്യാരാണ്. അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ ഇവരിലേക്കും അന്വേഷണം എത്തുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം, സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. പുലര്‍ച്ചെ ആറോടെ സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്.