തിരുവനന്തപുരം: പൗരത്വ നിയമം മുതൽ വിശ്വാസ സംരക്ഷണം വരെ ചർച്ചയാക്കി സിപിഎമ്മിന്റെ സംസ്ഥാന വ്യാപക ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം. സിപിഎം, മത വിരുദ്ധമല്ലെന്നും, പാഠ്യ പദ്ധതി പരിഷ്കരണത്തിൽ ആശങ്ക വേണ്ടെന്നും തിരുവനന്തപുരം അമ്പലത്തറയിൽ ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജിലെ സന്ദർശനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
നിർണായക ലോക്സഭാ തെരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കലും നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടമാവർത്തിക്കലുമാണ് സിപിഎമ്മിന്റെ ലക്ഷ്യം. വിശ്വാസ സംരക്ഷണം, മതസ്വാതന്ത്യം, എന്നിവ ചർച്ചയാക്കിയാണ് ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത് തന്നെ. പരിപാടിക്കായി പുറത്തിറക്കിയ ലഘുലേഖയിലെ ഊന്നൽ ന്യൂനപക്ഷങ്ങൾക്കിടയിലെ ആശങ്കകളിലും കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളിലുമാണ്. സംസ്ഥാന സെക്രട്ടറി ഗൃഹസന്ദർശനത്തിന് തുടക്കമിട്ട ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജിലെ ആദ്യ സന്ദർശനത്തിൽ തന്നെ പാഠ്യ പദ്ധതി പരിഷ്കരണത്തിലെ കരടിലെ ആശങ്ക ഉയർന്നു.
സംസ്ഥാന വ്യാപകമായി പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും മുതൽ താഴേത്തട്ടിലെ നേതാക്കൾ വരെ വീടുകൾ കയറുന്ന വിപുലമായ പരിപാടിയാണ് സിപിഎമ്മിന്റേത്. സമീപകാലത്തുണ്ടായ സർക്കാരിനെതിരെ ഉയർന്ന വിവാദ വിഷയങ്ങളും ബഫർ സോൺ ആശങ്കയും ജനങ്ങൾക്കിടയിൽ ചർച്ചയാണെന്ന് തിരിച്ചറിഞ്ഞ് കൂടിയാണ് പ്രചാരണം മുന്നോട്ടു പോവുന്നത്.
ശബരിമല വിഷയത്തിൽ വലിയ തിരിച്ചടിക്ക് ശേഷം സിപിഎം കരകയറിയതിലെ പ്രധാന കാരണം ഇത്തരത്തിൽ വീടുകളിൽ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ച സന്ദർശന പരിപാടികളിലൂടെയാണ്. ഇത്തവണയും പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മറികടന്ന് നേട്ടമുണ്ടാക്കാനാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം പൊട്ടിത്തെറിക്കാതെ പാർട്ടിക്കുള്ളിൽ ഒതുങ്ങിയെന്ന വിലയിരുത്തലും സജി ചെറിയാന്‍റെ തിരിച്ച് വരവും സിപിഎമ്മിന് ആശ്വാസമാണ്.