‘തോമസ് ചാഴിക്കാടനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എന്ന പോലെ പരിഗണിക്കണം’;എം വി ഗോവിന്ദന്‍

കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എന്ന പോലെ പരിഗണിക്കണമെന്ന് ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദേശം. എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പളളി മല്‍സരിച്ചാലും പരമ്പരാഗത ഇടത് വോട്ടുകള്‍ ചോരാതിരിക്കാനുളള തന്ത്രങ്ങള്‍ ഒരുക്കണമെന്നും കോട്ടയത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കി.

സ്ഥാനാര്‍ഥികളെ ഒന്നിച്ചു പ്രഖ്യാപിക്കുന്ന ഇടതുമുന്നണിയിലെ പതിവു രീതി തെറ്റിച്ചാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് മാണി ഗ്രൂപ്പ് തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ഥിത്വം ഒരു മുഴം മുമ്പേ പരസ്യമാക്കിയത്. എന്നാല്‍ കടുപ്പമേറിയ മത്സരം നടക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തുന്ന കോട്ടയത്ത് സിപിഎം നേതൃത്വത്തിന്റെ കൂടി നിര്‍ദേശ പ്രകാരമായിരുന്നു മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. യുഡിഎഫ് അനുകൂല മണ്ഡലമായി വിലയിരുത്തുന്ന കോട്ടയത്ത് പ്രചാരണത്തില്‍ മേല്‍ക്കൈ നേടുകയാണ് നേരത്തെയുളള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മഹാത്മാഗാന്ധി സര്‍വകലാശാല ജീവനക്കാരുടെ സംഘടനാ സമ്മേളനത്തില്‍ ചാഴിക്കാടനായി ആദ്യ വോട്ടഭ്യര്‍ഥനയും നടത്തി.

Top