കണ്ണൂര്‍: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ കെ സുധാകരനും പങ്കുണ്ടെന്ന രീതിയില്‍ എംവിഗോവിന്ദന്‍ നടത്തിയ പ്രസ്താവന നീചമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഗോവിന്ദന്‍ മാഷ് നടത്തിയ പരാമര്‍ശം സിപിഎം എത്തിയ ജീര്‍ണതയുടെ ഉദാഹരണമാണ്. അതിജീവിതയുടെ മൊഴി ഉദ്ധരിച്ചു നടത്തിയ പരാമര്‍ശം നിയമത്തിനു മുന്നില്‍ ഏതു രീതിയില്‍ വരും എന്ന് പരിശോധിച്ചു കേസ് എടുക്കണം. കേസ് എടുക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. ഒരു പ്രസ്താവന നടത്തി പൊടിതട്ടി പോകാം എന്ന് ഗോവിന്ദന്‍ കരുതരുത്. ഏതാണ് സോഴ്‌സ് എന്ന് ഗോവിന്ദന്‍ പറയണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
സിപിഎം രാഷ്ട്രീയ അധഃപതനത്തിന്റെ പരമകോടിയിലാണ്.സിപിഎമ്മില്‍ അടിമുടി വ്യാജന്മാര്‍ നിറഞ്ഞു. സുധാകരന് എതിരായ കേസിനു പിറകില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ലോകാസഭ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് നീക്കം. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഇതിനു പിറകിലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തില്‍ ഏതെങ്കിലും ഒരു സംഭവത്തില്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന മോദിയേക്കാള്‍ ഒരുപടി മുന്നില്‍ ആണ് പിണറായി.ഇതാണോ കമ്മ്യൂണിസ്റ്റ് പാരമ്പര്യം.മാധ്യമങ്ങളുടെ വാമൂടിക്കെട്ടി അവരെ ഇല്ലായ്മ ചെയ്താല്‍ ജനാധിപത്യത്തിന്റെ സ്ഥിതി എന്താകും.പരീക്ഷ എഴുതാതെ ജയിക്കാന്‍ ഒറ്റ മാര്‍ഗം മാത്രമേ ഉള്ളൂ എസ്എഫ്‌ഐ യില്‍ ചേരുക എന്നതെന്നും അദ്ദേഹം പരിഹസിച്ചു