പ്രതിപക്ഷ നേതാവിന്റെ ആരോപണം, നിലവാരത്തകര്‍ച്ചയാണ് തുറന്നുകാട്ടുന്നതെന്ന് എംവി ജയരാജന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം, അദ്ദേഹത്തിന്റെ നിലവാരത്തകര്‍ച്ചയാണ് തുറന്നുകാട്ടുന്നതെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എംവി ജയരാജന്‍. തന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

പ്രളയക്കെടുതിക്കെതിരെ കേരളം ഒറ്റക്കെട്ടായി ദുരിതാശ്വാസ-രക്ഷാ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുമ്പോഴും രാഷ്ട്രീയ വിരോധം കൊണ്ട് വിലകുറഞ്ഞ ആരോപണം ശ്രീ രമേശ് ചെന്നിത്തല നടത്തിയിരുന്നു.

മുഖ്യമന്ത്രി തന്നെ ഇതിന് വസ്തുതയുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കിയതാണ്. പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് കാര്യങ്ങള്‍ പഠിച്ച് പറയാന്‍ ശ്രീ ചെന്നിത്തല തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും പ്രതികരിക്കുകയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ചെന്നിത്തലയുടേത്‌,
ഇല്ലാത്തകുറ്റം കണ്ടെത്തുന്ന
വലതുപക്ഷ രാഷ്ട്രീയ മഷിനോട്ടം
==========================
സംസ്ഥാനത്ത്‌ ഭരണസ്തംഭനമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം, അദ്ദേഹത്തിന്റെ നിലവാരത്തകർച്ചയാണ്‌ തുറന്നുകാട്ടുന്നത്‌. പ്രളയക്കെടുതിക്കെതിരെ കേരളം ഒറ്റക്കെട്ടായി ദുരിതാശ്വാസ-രക്ഷാ-പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടിരിക്കുമ്പോഴും രാഷ്ട്രീയ വിരോധം കൊണ്ട്‌ വിലകുറഞ്ഞ ആരോപണം ശ്രീ രമേശ്‌ ചെന്നിത്തല നടത്തിയിരുന്നു. മുഖ്യമന്ത്രി തന്നെ ഇതിന്‌ വസ്തുതയുടെ അടിസ്ഥാനത്തിൽ മറുപടി നൽകിയതാണ്‌. പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് കാര്യങ്ങൾ പഠിച്ച്‌ പറയാൻ ശ്രീ ചെന്നിത്തല തയ്യാറാകണമെന്ന് മുതിർന്ന കോൺഗ്രസ്സ്‌ നേതാവും പ്രതികരിക്കുകയുണ്ടായി. മുതിർന്ന ഈ കോൺഗ്രസ്സ്‌ നേതാവിന്റെ വിമർശ്ശനം ഉൾക്കൊണ്ടെങ്കിലും തിരുത്തൽ വരുത്താൻ പ്രതിപക്ഷ നേതാവ്‌ തയ്യാറായിരുന്നെങ്കിൽ, വീണ്ടും നിലവാരത്തകർച്ച അദ്ദേഹത്തിനുണ്ടാകുമായിരുന്നില്ല.

സംസ്ഥാനത്ത്‌ ഒരു ഭരണസ്തംഭനവുമില്ലെന്ന് എല്ലാവർക്കും അറിയുന്നതാണ്‌. മുഖ്യമന്ത്രി ഇ-ഫയലിംഗ്‌ വഴി ഓഫീസ്‌ പ്രവർത്തനം കൃത്യമായി നടത്തുന്നുണ്ട്‌. അദ്ദേഹം അത്‌ യാത്രയുടെ ഘട്ടത്തിൽത്തന്നെ പ്രഖ്യാപിച്ചതുമാണ്‌. 316 ഫയലുകളിൽ ഇതിനോടകം തീരുമാനമെടുക്കുകയും ചെയ്തു.കാലം മാറിയതൊന്നും പക്ഷേ പ്രതിപക്ഷ നേതാവിന്‌ പിടുത്തം കിട്ടിയിട്ടില്ല.

മാത്രമല്ല, ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക്‌ മടങ്ങിയ 718674 കുടുംബംഗങ്ങൾക്ക്‌ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ്‌ അനുവദിച്ചു. താത്ക്കാലിക ആശ്വാസ ധനമായി 10000 രൂപ വീതം 84% പേർക്കും നൽകി. വീട്ടുപകരണങ്ങൾക്കായി പലിശരഹിത വായ്പയായി ഒരുലക്ഷം രൂപ നൽകാൻ നടപടി സ്വീകരിച്ചു. മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയതിന്‌ ശേഷവും ഇതെല്ലാം നടപ്പാക്കാൻ കഴിഞ്ഞത്‌ മന്ത്രിമാരുടെ കൂട്ടായ്മയുടെ ഉദാഹരണവുമാണ്‌.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ധനസഹായം നൽകാൻ എത്തിച്ചേർന്ന സംസ്ഥാനത്തിന്‌ അകത്തും പുറത്തും വിദേശത്തുമുള്ള മുഴുവനാളുകൾക്കും സൗകര്യമൊരുക്കി മുഖ്യമന്ത്രിയുടെ ഓഫീസ്‌ സജീവമാണ്‌. ദുരിതാശ്വാസ – പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതി ഇതിനോടകം രണ്ടുതവണ യോഗം ചേർന്ന് പ്രവർത്തനങ്ങൾ മുന്നോട്ട്‌ കൊണ്ടുപോയി. സെപ്തംബർ 10 മുതൽ 15 വരെയുള്ള തീയ്യതികളിൽ മന്ത്രിമാർ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പുതുകേരളം സൃഷ്ടിക്കുന്നതിനുള്ള വിഭവസമാഹരണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതിന്റെയൊക്കെ ഫലമായി 1259 കോടി രൂപയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ജനങ്ങൾ സംഭാവന ചെയ്തത്‌. ജനങ്ങൾ ഇപ്പോഴും കേരളത്തിന്റെ പുനരധിവാസത്തിന്‌ വേണ്ടിയുള്ള അകമഴിഞ്ഞ സഹായങ്ങൾ നൽകുന്നതിന്‌ തത്പരരാണ്‌. എന്നാൽ അതുപോലും തടസ്സപ്പെടുത്തും വിധത്തിലാണ്‌ പ്രതിപക്ഷ നേതാവിന്റെ ഭരണസ്തംഭനമെന്ന അടിസ്ഥാനരഹിത ആരോപണം.

മാത്രമല്ല, ലോകബാങ്ക്‌ ഉൾപ്പടെയുള്ളവരുടെ പ്രതിനിധികൾ കേരളത്തിന്റെ പുനരധിവാസത്തിനായി ദുരിതബാധിത മേഖലകൾ സന്ദർശ്ശിച്ച്‌ പദ്ധതികൾക്ക്‌ രൂപം നൽകി വരികയാണ്‌. ശബരിമലയുടെ പുനർ നിർമ്മാണം യുദ്ധകാല വേഗതയിൽ നടപ്പാക്കാനുള്ള മഹായ്ജ്ഞത്തിലാണ്‌ സംസ്ഥാനം. ഈ കൂട്ടായ ഭരണപ്രവർത്തനത്തെ കണ്ടില്ലെന്ന് നടിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ശ്രമം നവകേരള സൃഷ്ടിയെ തകർക്കലാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല.

അല്ലെങ്കിലും, മുന്നനുഭവം ഇല്ലാതിരുന്ന വൻപ്രളയക്കെടുതിയെ അതിജീവിക്കാൻ മലയാളികൾക്ക്‌ വിജയകരമായി നേതൃത്വം നൽകിയ മുഖ്യമന്ത്രിക്ക്‌, സാങ്കേതിക വിദ്യ ഇത്രകണ്ട്‌ പുരോഗമിച്ച ഘട്ടത്തിൽ, അതും വെറും മൂന്നാഴ്ചക്കാലത്തേക്ക്‌ മറ്റൊരിടത്തിനിന്ന് ഭരണത്തെ നയിക്കാനും സാധിക്കും. പ്രതിപക്ഷ നേതാവിന്റെ ഉയരത്തിൽ നിന്ന്, കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാൻ തയ്യാറായിരുന്നെങ്കിൽ ശ്രീ രമേശ്‌ ചെന്നിത്തലയ്ക്ക്‌ വീണ്ടും അബദ്ധം സംഭവിക്കുമായിരുന്നില്ല..!!
– എം.വി ജയരാജൻ

Top