ഇന്നത്തെ മെഴുകുതിരി നാളങ്ങള്‍ നാളെ . . . സംഘപരിവാറിനെ ചുട്ടെരിക്കും: ജയരാജന്‍

തിരുവനന്തപുരം : ജമ്മു കശ്മീരിലെ കത്വയിലും ഉത്തര്‍പ്രദേശിലെ ഉന്നാവയിലും ഉണ്ടായ ബലാത്സംഗകേസുകളില്‍ പ്രതികരണവുമായി സി പി എം നേതാവും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായ എം വി ജയരാജന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം.

സംഘപരിവാര്‍ ഭരണത്തില്‍ നിര്‍ഭയമാര്‍ വീണ്ടും സൃഷ്ടിക്കപ്പെടുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. സാഡിസ്റ്റുകള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരത, മൃഗങ്ങള്‍ പോലും നാണിച്ചുപോകുന്ന മൃഗീയത. ഇന്ത്യന്‍ സ്ത്രീത്വത്തിനാണ് മുറിവേല്‍ക്കുന്നതെന്നും ജയരാജന്‍ കുറിച്ചു.

ഈ പെണ്‍വേട്ടകള്‍ക്കെതിരെ നടപടികളുണ്ടാവുന്നില്ലെങ്കില്‍ ഇന്നത്തെ മെഴുകുതിരി നാളങ്ങള്‍ സംഘപരിവാരത്തെ ചുട്ടെരിക്കാന്‍ പോന്ന അഗ്‌നിജ്വാലകളായി വളരുകതന്നെ ചെയ്യുമെന്നും എം.വി. ജയരാജന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഉന്നോവയും കത്തുവയും
===================
യു.പി. യിലെയും ജമ്മുകാശ്മീരിലെയും ഈ രണ്ടു സ്ഥലനാമങ്ങള്‍ ഇന്ത്യന്‍ ജനതയുടെ കണ്ണീരുകൊണ്ട് കുതിര്‍ന്ന മണ്ണായി മാറിയിരിക്കുകയാണ്. ഡല്‍ഹിയില്‍ മുമ്പ് നടന്ന ക്രൂരമായ നരവേട്ടയെ തുടര്‍ന്ന് നിര്‍ഭയ എന്ന പേരു തന്നെ ഇരയ്ക്ക് ജനങ്ങള്‍ കല്പിച്ചു നല്‍കി. സഹോദരിമാര്‍ വേട്ടയാടപ്പെടേണ്ട ഇരകളല്ലെന്നും നിര്‍ഭയമായി നേരിടേണ്ടതാണെന്നും ഡല്‍ഹിയിലെ പെണ്‍വേട്ടയെ തുടര്‍ന്ന് നമ്മളെല്ലാം ഉറക്കെ പ്രഖ്യാപിച്ചു. ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുക മാത്രമല്ല, ആ കുടുംബമാകെ വഴിയാധാരമാക്കപ്പെടുകയും ചെയ്തു. നീതി തേടിയാണ് ഇരയും കുടുംബവും യു.പി.യുടെ തലസ്ഥാനനഗരിയിലെത്തിയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് അവര്‍ മാര്‍ച്ച് ചെയ്തു. ഇരയുടെ പിതാവ് പപ്പു സിങ്ങിന്റെ ജീവനാണ് അതിന് ബലിയര്‍പ്പിക്കേണ്ടിവന്നത്. കുടുംബത്തെ പോലീസ് തടങ്കലിലാക്കുകയും ചെയ്തു. ഹോട്ടല്‍ മുറിയാണെങ്കിലും ജയിലില്‍ അടക്കപ്പെട്ടതുപോലെ. കുടിവെള്ളം പോലും നല്‍കിയില്ല. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ അനുവദിക്കാത്തതുമൂലം പുറംലോകവുമായുള്ള ബന്ധവുമറ്റു. എം.എല്‍.എ. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് യാതൊരു തെളിവുമില്ലെന്ന് കോടതിയില്‍ യു.പി. സര്‍ക്കാര്‍ സത്യവാങ് മൂലം പോലും നല്‍കി പരിഹാസ്യരായി. ക്രൂരമായ ഈ വേട്ടയാടല്‍ എന്തിനെന്ന് ബിജെപി നേതൃത്വവും ഭരണകൂടവും വ്യക്തമാക്കുമോ? അലഹബാദ് ഹൈക്കോടതി എം.എല്‍.എ. അടക്കമുള്ള പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. കേസ് തേച്ചുമാച്ചു കളയുന്ന പോലീസ് അന്വേഷണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയ കോടതിയാവട്ടെ, സിബിഐ അന്വേഷണത്തിനുപോലും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണത്തില്‍ ഒരാളെപ്പോലും അറസ്റ്റുചെയ്തില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 14 മുറിവുകളുണ്ടെന്ന് വ്യക്തമായിട്ടും ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചില്ല. ചുരുക്കത്തില്‍ യു.പി.യിലെ സംഘപരിവാര്‍ ഭരണം ഇരകളോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.

കത്തുവയില്‍ 8 വയസ്സുകാരിയെയാണ് ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നത്. അതാവട്ടെ, ഒരു പൂജാരിയുടെയും മക്കളുടെയും നേതൃത്വത്തില്‍. ചുരുക്കത്തില്‍ സംഘപരിവാര്‍ ഭരണത്തില്‍ നിര്‍ഭയമാര്‍ വീണ്ടും സൃഷ്ടിക്കപ്പെടുകയാണ്. സാഡിസ്റ്റുകള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരത, മൃഗങ്ങള്‍ പോലും നാണിച്ചുപോകുന്ന മൃഗീയത. ഇന്ത്യന്‍ സ്ത്രീത്വത്തിനാണ് മുറിവേല്‍ക്കുന്നത്.

തലസ്ഥാനനഗരി അര്‍ദ്ധരാത്രി സമരകേന്ദ്രമായി മാറുകയാണ്. ഈ പെണ്‍വേട്ടകള്‍ക്കെതിരെ നടപടികളുണ്ടാവുന്നില്ലെങ്കില്‍ ഇന്നത്തെ മെഴുകുതിരി നാളങ്ങള്‍ സംഘപരിവാരത്തെ ചുട്ടെരിക്കാന്‍ പോന്ന അഗ്‌നിജ്വാലകളായി വളരുകതന്നെ ചെയ്യും.

Top