‘കണ്ണീരും കിനാവും’ യോഗി ആദിത്യനാഥിനെ ട്രോളി സിപിഎം നേതാവ്‌ എംവി ജയരാജന്‍ . !

തിരുവനന്തപുരം: യു.പി മുഖ്യമന്ത്രിയെയും കേരള മുഖ്യമന്ത്രിയെയും താരതമ്യപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം
എം.വി ജയരാജന്‍ രംഗത്ത്. ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിക്കേണ്ടിവന്ന അമ്മമാരുടെ കണ്ണീരിന് ഉത്തരം നല്‍കാന്‍ കഴിയാത്തതാണ് ആദിത്യനാഥിന്റെ യു.പി യിലെ അവസ്ഥയെങ്കില്‍, പൊലീസ് ഉരുട്ടി കൊലപ്പെടുത്തിയ കേസിലും അമ്മയ്ക്ക് നീതി ലഭ്യമാക്കിയതാണ് കേരളത്തിലേതെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി.

സംഘപരിവാര്‍ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിമയെപ്പോലെ തലകുനിച്ച്, യൂണിഫോമില്‍ പൊലീസിന് നില്‍ക്കേണ്ടിവരുന്നതാണ് യു.പി യിലെ അവസ്ഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ മതവിശ്വാസികളോടും ഒറ്റസമീപനമാണ് മുഖ്യമന്ത്രിക്ക് വേണ്ടതെന്നും, എന്നാല്‍, യു.പി യിലെ ഗോരഖ്പൂറിലെ ഗോരഞ്ച്നാഥ് ക്ഷേത്രത്തില്‍, മുഖ്യപുരോഹിതനായി ആദിത്യനാഥ് എത്തി പൊലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാറിന് ‘ദിവ്യാനുഗ്രഹം’ നല്‍കുന്ന ദൃശ്യം മതേതര വിശ്വാസികളെ ഞെട്ടിച്ചെന്നും എം.വി ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നീതികിട്ടിയ അമ്മയുടെ ആശ്വാസവും പോലീസ് യൂണിഫോമിലെ അടിമയും
====================

കുറ്റവാളി പോലീസ് ആയാലും ശിക്ഷിക്കപ്പെടുന്നതാണ് കേരളത്തിലെ സ്ഥിതി. എല്‍.ഡി.എഫ് ഭരണത്തില്‍ പോലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതാണ് സവിശേഷത. എന്നാല്‍ യു.പി യില്‍ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന സംഘപരിവാര്‍ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിമയെപ്പോലെ തലകുനിച്ച്, യൂണിഫോമില്‍ പോലീസിന് നില്‍ക്കേണ്ടിവരുന്നതാണ് യു.പി യിലെ അവസ്ഥ. ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞുപിടഞ്ഞ് മരിക്കേണ്ടിവന്ന അമ്മമാരുടെ കണ്ണീരിന് ഉത്തരം നല്‍കാന്‍ കഴിയാത്തതാണ് ആദിത്യനാഥിന്റെ യു.പി യിലെ അവസ്ഥയെങ്കില്‍, പോലീസ് ഉരുട്ടി കൊലപ്പെടുത്തിയ കേസിലും അമ്മയ്ക്ക് നീതി ലഭ്യമാക്കിയതാണ് കേരളത്തിലേത്. ആ അമ്മ മുഖ്യമന്ത്രി പിണറായിയെ കണ്ട് നന്ദി അറിയിക്കുമ്പോള്‍, പോലീസിന് പോലും അടിമയാകേണ്ടി വരുന്നതാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് മുന്നിലെ കാഴ്ച.

മതേതര ഭരണഘടനയുള്ള രാജ്യത്ത്, ഒരു മുഖ്യമന്ത്രി മതപുരോഹിതനായി സ്വയം മാറുന്നത് ഒരിക്കലും ഭൂഷണമല്ല. സര്‍ക്കാരിന് പ്രത്യേക മതമില്ല. എല്ലാ മതവിശ്വാസികളോടും ഒറ്റസമീപനമാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. എന്നാല്‍, യു.പി യിലെ ഗോരഖ്പൂറിലെ ഗോരഞ്ച്നാഥ് ക്ഷേത്രത്തില്‍, മുഖ്യപുരോഹിതനായി ആദിത്യനാഥ് എത്തി പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാറിന് ‘ദിവ്യാനുഗ്രഹം’ നല്‍കുന്ന ദൃശ്യം മതേതര വിശ്വാസികളെ ഞെട്ടിച്ചു. നാനാജാതി മതസ്ഥരും മതമില്ലാത്തവരുമെല്ലാം ഒന്നിച്ചുകഴിയുന്ന നാടാണ് ഇന്ത്യ. അവിടെ മുഖ്യമന്ത്രി ജനങ്ങളുടെയാകെ മുഖ്യമന്ത്രിയാണ്. ഇവിടെ യോഗി ആദിത്യനാഥ് എന്ന വ്യക്തിക്ക് മതപുരോഹിതനാവുന്നതിനോ, പ്രവീണ്‍ കുമാര്‍ എന്നവ്യക്തിക്ക് മുട്ടുകുത്തി തൊഴുത് നില്‍ക്കുന്നതിനോ യാതൊരു തടസ്സവുമില്ല. എന്നാല്‍ ഔദ്യോഗികമായി മുഖ്യമന്ത്രിയും സുരക്ഷാ ചുമതലയുള്ള പോലീസ് ഇന്‍സ്പെക്ടറുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത്, വഹിക്കുന്ന സ്ഥാനങ്ങള്‍ക്ക് മാനക്കേടാണ്.

പോലീസ് ഇന്‍സ്പെക്ടറുടെ യൂണിഫോമില്‍, മുഖമന്ത്രിയ്ക്ക് മുന്നില്‍ മുട്ടുകുത്തി തൊഴിതിരിക്കുന്നതും, ചന്ദനവും മാലയും ചാര്‍ത്തിയതും എന്തിന്റെ പേരിലായാലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഗുരുപൂര്‍ണിമ ആചാരത്തിന്റെ ഭാഗമായാണ് താനിത് ചെയ്തതെന്നാണ് ഇന്‍സ്പെക്ടറുടെ വിശദീകരണം. സുരക്ഷയ്ക്കായി ക്ഷേത്രത്തിലെത്തിയതാണ് ഇന്‍സ്പെക്ടര്‍ എന്ന് വ്യക്തം. അതുകൊണ്ടാണ് യൂണിഫോമില്‍ അവിടെ എത്തിയത്. യൂണിഫോമിലിരിക്കുന്ന ഒരു പോലീസുകാരന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പ്രത്യേകമായ ഒരു വ്യവസ്ഥതന്നെയുണ്ട്. അതായിരുന്നു പോലീസ് ഇന്‍സ്പെക്ടര്‍ പാലിക്കേണ്ടിയിരുന്നത്.

തനിക്ക് ദിവ്യാനുഗ്രഹം കിട്ടിയതുപോലെയായി എന്നാണ് പൊലീസുദ്യോഗസ്ഥന്റെ വ്യാഖ്യാനം. ദിവ്യാനുഗ്രഹമല്ല, മുഖ്യമന്ത്രിയുടെ അടിമയെപ്പോലെ ആയെന്നാണ് ദൃശ്യം കണ്ടാല്‍ തോന്നുക. ജനാധിപത്യത്തില്‍ മുഖ്യമന്ത്രി അടിമകളെയല്ല സൃഷ്ടിക്കേണ്ടത് ; ദിശാബോധമുള്ള പൗരന്മാരെയാണ്. ഗോരഖ്പൂര്‍ ഇതിനുമുമ്പ് മറ്റൊരു കാര്യത്തിലും കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണല്ലോ. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ള എത്രയെത്ര കുട്ടികളാണ് ഇവിടുത്തെ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ പിടഞ്ഞുപിടഞ്ഞ് മരിച്ചത്. അതുസംബന്ധിച്ച വാര്‍ത്ത വേദനയോടെയാണ് രാജ്യത്തെ ഓരോരുത്തരും വായിച്ചതെങ്കില്‍, അതേ പ്രദേശത്തുകാരന്‍ മൂടിയായ യു.പി മുഖ്യമന്ത്രി ആദിത്യനാഥ് അതിനേയും ന്യായീകരിച്ചത് രാജ്യം കണ്ടതാണ്.

മതപുരോഹിത വേഷം കെട്ടിയ യോഗി ആദിത്യനാഥിന്റെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വോട്ടുതന്നെ എന്ന് വ്യക്തമാണ്. അടിസ്ഥാന സൗകര്യം പോലും വികസിപ്പിക്കാന്‍ കഴിയാതെ, പിഞ്ചുകുഞ്ഞുങ്ങള്‍പ്പോലും കൂട്ടത്തോടെ മരിച്ചുവീഴുകയും, സ്വന്തം ഭാര്യയുടെ മൃതശരീരം കിലോമീറ്ററുകളോളം ചുമന്നുനടക്കേണ്ടി വരികയും ചെയ്ത ദാനാമാജിമാരുടെ ദുരവസ്ഥയ്ക്ക് പരിഹാരമാവാത്ത യു.പി യിലെ മുഖ്യമന്ത്രിക്ക് എങ്ങനെ നാടിന്റെ വികസനം പറഞ്ഞ് ജനങ്ങളെ സമീപിക്കാന്‍ കഴിയും ..!? അതോടെ വിശ്വാസത്തെപ്പോലും ചൂഷണം ചെയ്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി നേതാവ് കൂടിയായ ആദിത്യനാഥിന്റെ പരിശ്രമം. ബി.ജെ.പി പ്രസിഡന്റ് നേരത്തേ ഇതിന് തുടക്കമിട്ടതാണല്ലോ. വിശ്വാസം പറഞ്ഞുള്‍പ്പടെ മതനിരപേക്ഷ വെളിച്ചം കെടുത്തി ഇന്ത്യയെ കൂരിരുട്ടിലാക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ തിരിച്ചറിയാന്‍ സാധിക്കണം.

– എം.വി ജയരാജന്‍

Top