കണ്ണൂര്‍: നവകേരള സദസുമായി ലീഗ് സഹകരിക്കുന്നുണ്ടെന്നും പല തദ്ദേശസ്ഥാപനങ്ങളും സഹായം നല്‍കിയെന്നും സിപിഎം നേതാവ് എം വി ജയരാജന്‍. മഞ്ചേശ്വരത്ത് നവകേരള സദസ്സ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകുമെന്നും എം വി ജയരാജന്‍ പറഞ്ഞു.
മഞ്ചേശ്വരത്ത് നവകേരള സദസ്സ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകും. തിരുവനന്തപുരത്ത് എത്തുന്നതോടെ യുഡിഎഫ് ചിന്നിച്ചിതറും. നേതാക്കള്‍ അധികാരക്കൊതി കൊണ്ട് മാറി നില്‍ക്കുന്നുവെന്ന് മാത്രമെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, വിവാദങ്ങള്‍ക്കിടെ പിണറായി സര്‍ക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസര്‍കോട് തുടക്കം കുറിക്കും. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ കാസര്‍കോട് എത്തിച്ച ബസ്,എആര്‍ ക്യാംപിലേക്ക് മാറ്റി.
ആഡംബര ബസ്സിനായി ഇളവുകള്‍ വരുത്തികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പിറക്കിയ വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബസ്സിനായി പ്രത്യേക ഇളവുകള്‍ വരുത്തികൊണ്ട് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നവകേരള ബസ്സിനുള്ള ആഡംബര ബസ്സിന്റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കളര്‍ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്.