മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാറിന് ഇനി മുട്ടുമടക്കേണ്ടി വരുമെന്ന് എം.വി ജയരാജൻ

MV Jayarajan

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വെയില്‍ വകവയ്ക്കാതെ മഹാരാഷ്ട്ര നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ ബി.ജെ.പി സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വരുമെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജന്‍.

ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :

ചരിത്രമെഴുതി മഹാരാഷ്ട്രയിൽ
കർഷകരുടെ ലോങ്ങ്മാർച്ച്‌
==========================
ദേശീയ മാധ്യമങ്ങളും രാജ്യമാകേയും ഇപ്പോൾ മാഹാരാഷ്ട്രയിലേക്കാണ്‌ ഉറ്റുനോക്കുന്നത്‌. അവിടെ ചെങ്കൊടിയേന്തി അരലക്ഷത്തോളം വരുന്ന കർഷകർ സമരത്തിലാണ്‌. ഓരോ ദിനം പിന്നിടുമ്പോഴും ഈ ഐതിഹാസികസമരത്തിൽ കൂടുതൽ കൂടുതൽ പേർ അണിനിരക്കുകയാണ്‌.

അനുവാദമില്ലാതെ കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതിൽ നിന്നും പിന്മാറുക, വിളകൾക്ക്‌ താങ്ങുവില പ്രഖ്യാപിക്കുക, എം.എസ്‌.സ്വാമിനാഥൻ കമ്മീഷൻ കർഷകർക്കുവേണ്ടി സമർപ്പിച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പാക്കുക, കർഷക പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കുക, പാവപ്പെട്ടവർക്ക്‌ നൽകുന്ന റേഷൻ സമ്പ്രദായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക, കീടങ്ങൾ കാരണം വിള നഷ്ടമായ കർഷകർക്ക്‌ നഷ്ടപരിഹാരം അനുവദിക്കുക, നദീ സം യോജനാ പദ്ധതി നടപ്പാക്കി കർഷകരെ ആത്മഹത്യയിലേക്ക്‌ നയിക്കുന്ന വരൾച്ചയിൽ നിന്നും കർഷകരെ സം രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ചരിത്രം കുറിച്ച ഈ കർഷക പ്രക്ഷോഭം മഹാരാഷ്ട്രയിൽ നടക്കുന്നത്‌. 100 ഉം 1000 വും അല്ല പതിനായിരങ്ങളാണ്‌ ഉച്ചവെയിലിന്റെ കാഠിന്യത്തെപ്പോലും കൂസാതെ മുബൈയിലേക്ക്‌ മാർച്ച്‌ ചെയ്യുന്നത്‌.

കേന്ദ്ര-മഹാരാഷ്ട്ര സർക്കാരുകൾക്ക്‌ ഈ സമരം കാണേണ്ടിവരുമെന്നത്‌ ഉറപ്പാണ്‌. വള്ളിപൊട്ടിയ ചെരുപ്പുകളിലും നഗ്നപാദരായും കുപ്പിയിൽ കൊള്ളുന്ന വെള്ളം മാത്രമെടുത്താണ്‌ കൊടും ചൂടിലും ഈ പാവങ്ങൾ ജിീവിക്കാനായി പോരാടുന്നത്‌. ഈ ജനസമുദ്രത്തിന്റെ സമരത്തിന്‌ മുന്നിൽ മഹാരാഷ്ട്ര സർക്കാരിന്‌ മുട്ടുമടക്കേണ്ടി വരികതന്നെ ചെയ്യും.
– എം.വി ജയരാജൻ

Top