തിരുവനന്തപുരം: ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് എം.പി ശശി തരൂരിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ വിമര്‍ശിച്ച് സി.പി.എം നേതാവ് എം.വി ജയരാജന്‍ രംഗത്ത്.
പത്ത് വര്‍ഷം കഠിനതടവ് കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്തെടുത്ത കേസില്‍ ഉടനടി അറസ്റ്റ് അനിവാര്യമാണ്.സാധാരണക്കാരനായിരുന്നുവെങ്കില്‍ അതായിരുന്നു സംഭവിക്കുക.എന്നാല്‍ തരൂരിന്റെ കാര്യത്തില്‍ കോടതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഡല്‍ഹി പൊലീസെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:
കോണ്‍ഗ്രസ് എം.പി. ജയിലിലേക്കോ?
സ്വന്തം ഭാര്യയുടെ മരണത്തിനുത്തരവാദിയെന്ന് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ എം.പി. സ്ഥാനത്ത് തുടരുന്നത് നിയമപരമായും ധാര്‍മ്മികമായും ഒട്ടും ശരിയല്ല. പത്തുവര്‍ഷം വരെ കഠിനതടവ് വിധിക്കാവുന്ന ഗാര്‍ഹികപീഡനവും ആത്മഹത്യാ പ്രേരണ കുറ്റവുമാണ് തരൂറിന് നേര്‍ക്ക് പോലീസ് ചേര്‍ത്തിരിക്കുന്നത്. ഇതാവട്ടെ, സാധാരണക്കാരനായിരുന്നുവെങ്കില്‍ ഉടന്‍ തന്നെ അറസ്റ്റുചെയ്ത് ജയിലിലടക്കേണ്ട കുറ്റവുമാണ്. എം.പി. ആയതുകൊണ്ട് അറസ്റ്റുചെയ്യുന്നില്ലെന്നാണ് ഡല്‍ഹി പോലീസ് വ്യക്തമാക്കിയത്. കോടതിയില്‍ മെയ് 24ന് ഹാജരായാല്‍ കോടതി തന്നെ ജയിലിലടക്കട്ടെ എന്നതാണ് പോലീസ് നിലപാട്. കോണ്‍ഗ്രസ്സാണ് ജനങ്ങളോട് മറുപടി പറയേണ്ടത്. സ്ത്രീസുരക്ഷ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു കാലത്ത്, ഗാര്‍ഹിക പീഡനത്താല്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ തന്നെ ആത്മഹത്യചെയ്യുന്നു. പ്രതിപക്ഷനേതാവും കെപിസിസി അദ്ധ്യക്ഷനും ശശി തരൂരിനെ പരസ്യമായി ന്യായീകരിക്കാന്‍ രംഗത്തുവന്നു. കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം അതാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളായാല്‍ അത് രാഷ്ട്രീയപ്രേരിതം. രാഷ്ട്രീയ എതിരാളികള്‍ കേസില്‍ പ്രതികളായാല്‍ അവര്‍ ക്രിമിനലുകള്‍. ഇതാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. ഒരു ചോദ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം ഉത്തരം നല്‍കണം. ഗാര്‍ഹിക പീഢനത്താല്‍ സ്വന്തം ഭാര്യ ആത്മഹത്യചെയ്യേണ്ടിവന്നതിന് ഉത്തരവാദിയായ ശശിതരൂരിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുമോ?
എം വി ജയരാജന്‍