കണ്ണൂര്‍ : പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന പ്രസ്താവനയിലുറച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. മുഖം മറച്ചെത്തിയ വോട്ടര്‍മാര്‍ കള്ളവോട്ടു ചെയ്തു. പാമ്പുരുത്തിയില്‍ 50 പേരും പുതിയങ്ങാടിയില്‍ 100 പേരും മുഖപടം ധരിച്ചു കള്ളവോട്ട് ചെയ്തു. മുഖപടം ധരിക്കാന്‍ വാശിപിടിക്കുന്നത് കള്ളവോട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. താന്‍ മുന്നോട്ടുവച്ചത് തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ആവശ്യമാണെന്നും ജയരാജന്‍ വ്യക്തമാക്കി.
വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നുമാണ് എം.വി.ജയരാജന്റെ ആവശ്യം. ഇതു പോലെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.
അതേസമയം എം.വി. ജയരാജന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. നിഖാബ് ധരിച്ചെത്തുന്നതില്‍ തെറ്റില്ലെന്നും പോളിങ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിച്ചാല്‍ മതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചിരുന്നു. കാസര്‍കോട് മണ്ഡലത്തില്‍ നിഖാബ് ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ പ്രത്യേക വനിത ഉദ്യോഗസ്ഥയെ നിയോഗിച്ചെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു പറഞ്ഞു.
സിപിഎമ്മിന്റെ കള്ളവോട്ടു കണ്ടുപിടിച്ചതിന്റെ ജാള്യത മറച്ചുവയ്ക്കാന്‍ ഒരു സമൂഹത്തെ മുഴുവന്‍ സിപിഎം അധിക്ഷേപിക്കുന്നെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രസ്താവന പിന്‍വലിച്ച് ജയരാജന്‍ മാപ്പുപറയണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.