മോട്ടോര്‍ വാഹന വകുപ്പുമായി കൊമ്പുകോര്‍ത്ത് ശ്രദ്ധ നേടിയ റോബിന്‍ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങി. അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും എംവിഡി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്.
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എംവിഡി. പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂര്‍ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരില്‍ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയില്‍ ബസ് തിരിച്ചെത്തും.
കഴിഞ്ഞ ഒക്ടോബര്‍ 16നാണ് നിയമ ലംഘനം ചൂണ്ടിക്കാട്ടി പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചു. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കുമെന്നാണ് സൂചന.